കൊച്ചി കേന്ദ്രീകരിച്ചുള്ള വായ്പ തട്ടിപ്പ് കേസുകളുടെ അന്വേഷണം ഇഴയുന്നു. പ്രധാന കേസുകളിലൊന്ന് ക്രൈംബ്രാഞ്ചിന് വിട്ടതായി ഡിജിപി ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇതുവരെ കാര്യമായ തുടര്‍നടപടികള്‍ ഉണ്ടായില്ല.
കൊച്ചി: 700 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി ബാങ്ക് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുകയും ഒരു പറ്റം ഉദ്യോഗസ്ഥര്‍ക്ക് കോഴ കൊടുത്തതായി പ്രധാന പ്രതി തന്നെ വെളിപ്പെടുത്തുകയും ചെയ്ത കൊച്ചി കേന്ദ്രീകരിച്ചുളള വായ്പ തട്ടിപ്പ് കേസുകളുടെ അന്വേഷണം ഇഴയുന്നു. പ്രധാന കേസുകളിലൊന്ന് ക്രൈംബ്രാഞ്ചിന് വിട്ടതായി ഡിജിപി ഉത്തരവ് ഇറക്കിയതല്ലാതെ കാര്യമായ തുടര്‍നടപടികള്‍ ഉണ്ടായില്ല. തട്ടിപ്പിനിരകളായവരാകട്ടെ ബാങ്കുകള്‍ക്കും കെണിയില്‍ വീഴ്ത്തിയ ഏജന്‍റുമാര്‍ക്കും എതിരെ നടപടിയാവശ്യപ്പെട്ട് കാത്തിരിപ്പ് തുടരുകയാണ്.
കോലഞ്ചേരിയിലെ കോണ്‍ഗ്രസ് നേതാവ് എല്‍ദോ പോളിന്‍റെ പരാതിയില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സീനിയര്‍ മാനേജര്‍ ഷിബു ജേക്കബ്, വായ്പ തട്ടിപ്പ് കേസില്‍ കേന്ദ്ര സ്ഥാനത്തുള്ള ജന്നി വര്‍ഗ്ഗീസ് എന്നിവരെ പ്രതി ചേര്‍ത്ത് പുത്തന്‍കുരിശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് വിടണമെന്ന എറണാകുളം റേഞ്ച് ഡിഐജിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു ഡിജിപി ഈ ഉത്തരവിറക്കിയത്. എറണാകുളം കേന്ദ്രീകരിച്ചുളള വായ്പ തട്ടിപ്പ് കേസുകള്‍ ഏറെയും കോടിക്കണക്കിന് രൂപയുടെ കേസായതിനാല്‍ സമാനമായ പരാതികളെല്ലാം ക്രൈംബ്രാഞ്ച് അന്വേഷണ പരിധിയില്‍ വരുമെന്ന വിശ്വാസത്തിലായിരുന്നു തട്ടിപ്പിന് ഇരകളായ മറ്റുളളവരും.
എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും തനിക്ക് ക്രൈംബ്രാഞ്ചില്‍നിന്ന് ഒരു അറിയിപ്പ് പോലും കിട്ടിയിട്ടില്ലെന്ന് പരാതിക്കാരനായ എല്‍ദോ പോള്‍ പറയുന്നു. വ്യക്തികളും ബാങ്കുകളും നല്‍കിയ പരാതിയില്‍ തട്ടിപ്പ് സംഘത്തിനെതിരെ പാലാരിവട്ടം, പുത്തന്‍കുരിശ്, ചങ്ങനാശേരി തുടങ്ങി വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ പേരിന് രജിസ്റ്റര്‍ ചെയ്തതല്ലാതെ കാര്യമായ അന്വേഷണത്തിലേക്ക് കടന്നിട്ടില്ല. വ്യാജ ഒപ്പുകളും പ്രമാണങ്ങളും സൃഷ്ടിച്ചതടക്കം ഗൗരവമേറിയ കുറ്റകൃത്യങ്ങള്‍ ഏറെയുളള കേസായിട്ടും പന്ത് ലോക്കല്‍ പൊലീസിന്‍റെ കോര്‍ട്ടിലോ ക്രൈംബ്രാഞ്ചിന്‍റെ കോര്‍ട്ടിലോ എന്ന് ഇനിയും തീരുമാനമായിട്ടില്ല.
കാഞ്ഞിരവേലില്‍ ട്രേഡേഴ്സ്, ഇമാക്യുലേറ്റ് അഗ്രോ സ്പൈസസ്, ജെന്യൂന്‍ ആഗ്രോ സ്പെസസ് തുടങ്ങി ജന്നി വര്‍ഗ്ഗീസിന്‍റെ നേതൃത്വത്തിലുളള വിവിധ കമ്പനികള്‍ക്കെതിരെ എറണാകുളം ജിഎസ്ടി ഇന്‍റലിജന്‍സ് വിഭാഗം അന്വേഷണം നടത്തുകയും ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. കമ്പനികളുടെ ഓഫീസ് റെയ്ഡ് ചെയ്ത് നടത്തിയ പരിശോധനയില്‍ പല കമ്പനികളും പേപ്പര്‍ കമ്പനികള്‍ മാത്രമെന്നും വ്യാജ ഇന്‍വോയിസുകള്‍ ഉപയോഗിച്ച് വലിയ തോതില്‍ വിറ്റുവരവ് കാണിച്ച് തട്ടിപ്പ് നടത്തുന്നതായും കണ്ടെത്തി.

ജിഎസ്ടി നിയമത്തിലെ വകുപ്പ് 132 പ്രകാരം ഗുരുതര സ്വഭാവമുള്ള സര്‍ക്കുലാര്‍ ട്രേഡിംഗാണ് ഈ കമ്പനികള്‍ നടത്തുന്നതെന്ന് കണ്ടെത്തിയെങ്കിലും ഉന്നത രാഷ്ട്രീയ സ്വാധനത്താല്‍ തുടര്‍ നടപടികള്‍ അട്ടിമറിക്കപ്പെട്ടു. ചുമത്തിയ കോടികളുടെ പിഴത്തുക ഈടാക്കാനും നടപടിയുണ്ടായില്ല. സമാനമായ രീതിയില്‍ നിരവധി മനുഷ്യരെ വഴിയാധാരമാക്കിയ സിബില്‍ സ്കോര്‍ തട്ടിപ്പും തേഞ്ഞുമാഞ്ഞ് പോകുമോ എന്ന് ആശങ്കയിലാണ് തട്ടിപ്പിനിരകളായ മനുഷ്യര്‍.


