ദില്ലി: കൊവിഡ് പ്രതിസന്ധിയിൽ ഗർഭിണികൾ അടക്കമുള്ള മലയാളികൾ ദില്ലി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വീർപ്പുമുട്ടുമ്പോൾ കേരളത്തിന്‍റെ പ്രവർത്തനങ്ങൾ ഏകോപ്പിക്കേണ്ട സംസ്ഥാനത്തിന്‍റെ പ്രത്യേക പ്രതിനിധിയുടെ 
അഭാവം പ്രതിഷേധത്തിന് ഈടാക്കുന്നു. പ്രധാനമന്ത്രി അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതിനു പിന്നാലെ  പ്രത്യേക പ്രതിനിധി എ സമ്പത്ത് നാട്ടിലേക്ക് മടങ്ങിയിരുന്നു. മലയാളികളുടെ തിരിച്ചുപോക്കിന്റെ കാര്യത്തിൽ വ്യക്തയില്ലെന്ന് നിരവധി പരാതികൾ ഉയരുമ്പോളാണ് പ്രത്യേക പ്രതിനിധിയുടെ അഭാവം വലിയ ചർച്ചയാകുന്നത്.

സംസ്ഥാനത്തിന്റെ പ്രവർത്തനം ദില്ലിയിൽ ഏകോപ്പിപിക്കാനാണ് പ്രത്യേക പ്രതിനിധിയായി മുൻ എംപിയായ എ സമ്പത്തിനെ കേരള സര്‍ക്കാര്‍ ദില്ലിയിൽ നിയമിച്ചത്. സംസ്ഥാനസർക്കാരും കേന്ദ്രസർക്കാരും തമ്മിലുള്ള ആശയവിനിമയം വേഗത്തിലാക്കാനും മലയാളികളുടെ വിഷയങ്ങളിൽ ഇടപെടാനുമായിരുന്നു ക്യാബിനറ്റ് റാങ്കോടെയുള്ള നിയമനം. നിയമനത്തിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദങ്ങളും ഉണ്ടായി. എന്നാൽ രാജ്യതലസ്ഥാനത്ത് മലയാളികൾ വലിയ പ്രതിസന്ധി നേരിടുമ്പോൾ സംസ്ഥാനത്തിന്‍റെ  പ്രതിനിധി ദില്ലിയിൽ ഇല്ല.

കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാരെ നിരീക്ഷണത്തിലാക്കാൻ കേരള ഹൌസ് വിട്ടുനൽകണമെന്ന് ആവശ്യം തള്ളിയത് ദില്ലിയിലെ മലയാളികൾക്ക് വലിയ  തിരിച്ചടിയായിരുന്നു. ആ വിഷയത്തിലും കേരളത്തിന്റെ പ്രതിനിധി ഇടപെട്ടില്ലെന്ന് പരാതിയുണ്ട്. നാട്ടിലേക്ക് മടങ്ങുന്ന കാര്യത്തിൽ അടക്കം മലയാളികൾ നിലവിൽ വലിയ പ്രതിസന്ധി നേരിടുകയാണ്. ഇവയിലൊന്നും ഇടപെടാതെ സമ്പത്ത് കേരളത്തിലേക്ക് മടങ്ങിയതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

എന്നാൽ സംസ്ഥാന ഭവനുകളുടെ പ്രവർത്തനം താൽകാലികമായി നിർത്താൻ കേന്ദ്രസർക്കാർ നിർദ്ദേശത്തിന് പിന്നാലെയാണ് മടങ്ങിയതെന്നും നിലവിൽ കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഒരു ജീവനക്കാരനെ നിയോഗിച്ചിട്ടുണ്ടെന്നുമാണ് എ സമ്പത്തിന്‍റെ  ഓഫീസിന്‍റെ പ്രതികരണം.