Asianet News MalayalamAsianet News Malayalam

'സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രനയം എതിർക്കണം'; കേരളത്തിന്റെ ക്ഷണത്തിന് പിന്നാലെ സ്റ്റാലിൻ

കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ ക്ഷണക്കത്ത് വ്യവസായ മന്ത്രി പി രാജീവ് ചെന്നൈയിലെത്തി തമിഴ്നാട് മുഖ്യമന്ത്രിക്ക് കൈമാറി. 

Delhi strike against Centre Kerala Government invit MK Stalin nbu
Author
First Published Jan 22, 2024, 8:28 PM IST

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരായ സമരത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഔദ്യോഗികമായി ക്ഷണിച്ച് കേരള സർക്കാർ. കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ ക്ഷണക്കത്ത് വ്യവസായ മന്ത്രി പി രാജീവ് ചെന്നൈയിലെത്തി തമിഴ്നാട് മുഖ്യമന്ത്രിക്ക് കൈമാറി. സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രനയം എതിർക്കപ്പെടേണ്ടതെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു.

കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള അവഗണനയ്ക്കും പ്രതികാര നടപടികൾക്കുമെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള മന്ത്രിമാരും ജനപ്രതിനിധികളും ദില്ലിയിൽ ഫെബ്രുവരി 8 നാണ് ജനകീയ സമരം നടത്തുന്നത്. ധനപരമായി സംസ്ഥാനങ്ങളെ ഞെരുക്കുന്ന യൂണിയൻ സർക്കാരിൻ്റെ നയത്തെ യോജിച്ച് എതിർക്കേണ്ടതാണെന്ന് കൂടിക്കാഴ്ചക്കിടെ സ്റ്റാലിൻ പറഞ്ഞു. കേരളം ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയുടെ വിശദാംശങ്ങൾ സ്റ്റാലിനെ മന്ത്രി പി.രാജീവ് ധരിപ്പിച്ചു. സംസ്ഥാനത്തിന് ന്യായമായും കിട്ടേണ്ട വിഹിതം തടഞ്ഞുവെക്കുകയാണ് യൂണിയൻ സർക്കാർ. പദ്ധതി വിഹിതവും നികുതിവിഹിതവും റവന്യൂ കമ്മി കുറക്കുന്നതിനുള്ള സഹായവും ജി.എസ്.ടി നഷ്ടപരിഹാരമുൾപ്പെടെയുള്ള വിഷയങ്ങളിലെല്ലാം നിഷേധാത്മക സമീപനമാണ് മോദിസർക്കാർ സ്വീകരിക്കുന്നത്. ഒപ്പം വായ്പയെടുക്കാനുള്ള അവകാശവും നിഷേധിക്കുന്നു. കേരളത്തിന് പുറമെ ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളോടും വിവേചന നയമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഈ ഘട്ടത്തിൽ കേരളത്തിൻ്റെ പ്രതിഷേധത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയായ എം.കെ.സ്റ്റാലിൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നതായി മന്ത്രി പി രാജീവ് പറഞ്ഞു.

കൂടിക്കാഴ്ചയിൽ തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരസ്, തമിഴ്നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ എന്നിവരും പങ്കെടുത്തു. ഡൽഹിയിലെ കേരള ഹൗസിൽ നിന്ന് ഫെബ്രുവരി 8ന് രാവിലെ 11 മണിക്ക് പ്രതിഷേധ ജാഥ ആയിട്ടാണ് ജനപ്രതിനിധികൾ ജന്തർമന്ദിറിലേക്ക് തിരിക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും എം പിമാരും എം എൽ എമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. സമരത്തിലേക്ക് യുഡിഎഫിനെ ക്ഷണിച്ചിരുന്നെങ്കിലും അവര്‍ തള്ളിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios