തിരുവനന്തപുരം പാളയം മാർക്കറ്റിലെ അനധികൃത നിർമാണങ്ങൾ നഗരസഭയുടെ ഹെൽത്ത് സ്ക്വാഡ് പൊളിച്ചുനീക്കി. മേയർ വി.വി. രാജേഷിന്റെ മിന്നൽ പരിശോധനയ്ക്ക് പിന്നാലെയാണ് ഈ നടപടി. മാർക്കറ്റിലെ അനധികൃത പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് മേയർ അറിയിച്ചു.
തിരുവനന്തപുരം: പാളയം മാർക്കറ്റിലെ അനധികൃത കയ്യേറ്റങ്ങൾക്കും നിർമാണങ്ങൾക്കുമെതിരെ കർശന നടപടിയുമായി തിരുവനന്തപുരം നഗരസഭ. നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ നേതൃത്വത്തിൽ മാർക്കറ്റിലെ ചില അനധികൃത നിർമാണങ്ങൾ ഇന്ന് പൊളിച്ചുനീക്കി. സംഘർഷസാധ്യത കണക്കിലെടുത്ത് ശക്തമായ പൊലീസ് സുരക്ഷയോടെയായിരുന്നു നഗരസഭയുടെ നടപടി. അനധികൃത നിർമാണങ്ങൾ സ്വയം ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് കടയുടമകൾക്ക് നഗരസഭ നേരത്തെ തന്നെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ നിർദ്ദേശം പാലിക്കാത്തതിനെ തുടർന്നാണ് അധികൃതർ നേരിട്ടെത്തി ഇവ പൊളിച്ചുമാറ്റിയത്.

കഴിഞ്ഞ ദിവസം മേയർ വി.വി. രാജേഷ് പാളയം മാർക്കറ്റിൽ നേരിട്ടെത്തി മിന്നൽ പരിശോധന നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നഗരസഭയുടെ അടിയന്തര ഇടപെടൽ ഉണ്ടായത്. പാളയം മാർക്കറ്റിലെ അനധികൃത നിർമാണങ്ങളും വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പണപിരിവുകളും ഒരു കാരണവശാലും അനുവദിക്കില്ലെന്നും, അവ പൂർണ്ണമായി അവസാനിപ്പിക്കുമെന്നും മേയർ വ്യക്തമാക്കി. മാർക്കറ്റിന്റെ സുഗമമായ പ്രവർത്തനത്തിന് തടസ്സം നിൽക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്നാണ് നഗരസഭ നൽകുന്ന സൂചന.


