Asianet News MalayalamAsianet News Malayalam

മരട് ഫ്ലാറ്റ് പൊളിക്കല്‍: സമയക്രമത്തിൽ മാറ്റമില്ല, ജനുവരി 11 ന് സ്ഥലത്ത് നിരോധനാജ്ഞ

ഫ്ലാറ്റ് പൊളിക്കുന്നതിന് മുമ്പ് 2000 ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. സ്ഫോടനത്തിന് അഞ്ച് മിനിറ്റ് മുമ്പേ പ്രദേശത്തെ ഗതാഗതം നിയന്ത്രിക്കും.

demolition of maradu flats
Author
Kochi, First Published Jan 4, 2020, 9:06 PM IST

കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിക്കുന്ന സമയക്രമത്തില്‍ മാറ്റം വരുത്തില്ല. മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ വിളിച്ച അവലോകന യോഗത്തിലാണ് അന്തിമ തീരുമാനം. ഫ്ലാറ്റ് പൊളിക്കുന്ന ജനുവരി 11 ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും. ഫ്ലാറ്റ് പൊളിക്കുന്നതിന് മുമ്പ് 2000 ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. സ്ഫോടനത്തിന് അഞ്ച് മിനിറ്റ് മുമ്പേ പ്രദേശത്തെ ഗതാഗതം നിയന്ത്രിക്കും. മരടില്‍ കണ്‍ട്രോള്‍ റൂം തുറക്കുകയും ഫ്ലാറ്റ് പൊളിക്കുന്നത് കാണാന്‍ ജനങ്ങള്‍ക്കായി പ്രത്യേക സ്ഥലങ്ങള്‍ അനുവദിക്കുകയും ചെയ്യും. 

അതേസമയം നാളെ മുതൽ ഫ്ലാറ്റുകളിൽ സ്ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങും. ഫ്ലാറ്റുകളിലെ  സ്ഫോടനങ്ങള്‍ മൂലം സമീപവീടുകളില്‍ ഉണ്ടാകുന്ന പ്രകന്പനത്തിന്‍റെ തോത് അളക്കാന്‍ മരടിലെ പത്തിടങ്ങളില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കും. മദ്രാസ് ഐഐടിയിലെ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോക്ടര്‍ എ ഭൂമിനാഥിന്‍റെ നേതൃത്വത്തിലാണ് വിദ്ഗദ സംഘം മരടിലെത്തിയത്. മരടിലെ വീടുകളുടെ ഘടനാപരമായ  ഓഡിറ്റിംഗിന്‍റെ റിപ്പോര്‍ട്ടുകള്‍ സംഘത്തിന് കൈമാറി. കെട്ടിടങ്ങളുടെ പഴക്കം, മണ്ണിന്‍റെ സ്വഭാവം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് പ്രകമ്പനത്തിന്‍റെ തോതിലും വ്യത്യാസമുണ്ടാകുമെന്ന് ഡോക്ടര്‍ ഭൂമിനാഥന്‍ പറഞ്ഞു.

ഫ്ലാറ്റുകൾ പൊളിക്കാനുള്ള സമയക്രമം ഇങ്ങനെയാണ്: 

ജനുവരി 11- രാവിലെ 11 മണി - ഹോളി ഫെയ്‍ത്ത് - 19 നിലകൾ - എഡിഫെസ് കമ്പനിക്ക് പൊളിക്കൽ ചുമതല
ജനുവരി 11- 11.30 മണി - ആൽഫ സെറീൻ ടവേഴ്‍സ് - വിജയ സ്റ്റീൽ എന്ന കമ്പനിക്ക് പൊളിക്കൽ ചുമതല
ജനുവരി 12- രാവിലെ 11 മണി - ജെയ്ൻ കോറൽ കോവ്, എഡിഫെസ് കമ്പനിക്ക് പൊളിക്കൽ ചുമതല
ജനുവരി 12- ഉച്ചയ്ക്ക് രണ്ട് മണി - ഗോൾഡൻ കായലോരം, എഡിഫെസ് കമ്പനിക്ക് പൊളിക്കൽ ചുമതല

Follow Us:
Download App:
  • android
  • ios