പത്തനംതിട്ട: പത്തനംതിട്ടയിൽ എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്നു. എലിപ്പനി ലക്ഷണങ്ങളോടെ ജില്ലയിൽ ഒരാൾ മരിച്ചു. ഇലന്തൂർ സ്വദേശി കോശി എബ്രഹാം ആണ് ഇന്നലെ മരിച്ചത്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ജില്ലാതല അവലോകന യോഗം തീരുമാനിച്ചു.

115 പേരാണ് ഇതുവരെ ജില്ലയിൽ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. 24 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ഇതേ സമയം 13  പേർക്ക് മാത്രമേ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നുള്ളൂ. അതേസമയം, എലിപ്പനി 36 പേർക്ക് ബാധിച്ചു. ഒരാൾ രോഗ ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചു. മുൻ വർഷം ഈ കാലയളവിൽ 13  പേർക്ക് മാത്രമേ എലിപ്പനി റിപ്പോർട്ട് ചെയ്തിരുന്നുള്ളൂ. 

ആരോഗ്യ പ്രവർത്തകരും തദ്ദേശഭരണകൂടങ്ങളും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായതോടെ മഴക്കാലപൂർവ്വ ശുചീകരണം കാര്യമായി നടക്കാതിരുന്നതും പനി പടരാൻ കാരണമായി. ലോക്ക് ഡൗണും പ്രതിരോധ പ്രവർത്തനങ്ങളെ ബാധിച്ചു. ജന പ്രതിനിധികളുടെ ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. അതേസമയം മഴ തുടരുന്നത് പനി പടരാൻ ഇടയാക്കുമെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്.