Asianet News MalayalamAsianet News Malayalam

ഉത്തരപേപ്പര്‍ കാണാതായ സംഭവം; കാലടി സര്‍വ്വകലാശാല ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍, പൊലീസിലും പരാതി നല്‍കും

ഉത്തരപേപ്പര്‍ മൂല്യനിര്‍ണ്ണയ നടത്തി തിരിച്ച് ഏൽപിച്ചെന്നായിരുന്നു ഡോ. കെ എ സ൦ഗമേശൻ പറഞ്ഞത്. എന്നാല്‍ ഉത്തരപേപ്പര്‍ തനിക്ക് ലഭിച്ചിട്ടില്ലെന്ന് വകുപ്പ് മേധാവി കെ ആര്‍ അംബിക അറിയിച്ചു. 

Department chairman will be suspended on exam answer paper missing incident in Kalady university
Author
Kalady, First Published Jul 14, 2021, 5:47 PM IST

എറണാകുളം: കാലടി സർവ്വകലാശാല സംസ്കൃതം വിഭാഗത്തിലെ ഉത്തരപേപ്പർ കാണാതായ സംഭവത്തിൽ പരീക്ഷാ ചുമതലയുള്ള ചെയർമാന് സസ്പെൻഷൻ. സിൻഡിക്കേറ്റ് ഉപസമിതിക്കൊപ്പം അന്വേഷണത്തിനായി പൊലീസിലും സർവ്വകലാശാല പരാതി നൽകും. ഉത്തരപേപ്പർ മൂല്യനിര്‍ണ്ണയം നടത്തി തിരിച്ച് ഏൽപ്പിച്ചെന്ന് സംസ്കൃതം സാഹിത്യം വകുപ്പിലെ പരീക്ഷ ചുമതലയുള്ള ചെയർമാൻ ഡോ കെ എ സംഗമേശൻ പറയുന്നു. എന്നാൽ തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് വകുപ്പ് മേധാവി കെ ആർ അംബികയുടെ നിലപാട്.

വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് പരീക്ഷാ ചെയർമാൻ ഡോ.കെ എ സംഗമേശനെ സസ്പെൻഡ് ചെയ്യാൻ വിസിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് ഉപസമിതി തീരുമാനിച്ചത്. ഉത്തരപേപ്പർ കൈമാറുന്നത് സംബന്ധിച്ച് ഔദ്യോഗിക രേഖകളില്ലാത്തതും മറ്റൊരു വീഴ്ചയാണ്. സംസ്കൃതം സാഹിത്യം വിഭാഗം മൂന്നാം സെമസ്റ്റർ പരീക്ഷയുടെ 276 ഉത്തരപേപ്പറുകൾ കാണാതായതിൽ കാലടി പൊലീസിലും സർവ്വകലാശാല പരാതി നൽകും. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു പരീക്ഷ നടന്നത്. 

കൊവിഡ് സാഹചര്യത്തിൽ രണ്ട് തവണകളായുള്ള കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിന് പകരം ഇക്കുറി അദ്ധ്യാപകരുടെ വീടുകളിലായിരുന്നു ഉത്തര കടലാസുകളുടെ പരിശോധന. കഴിഞ്ഞ ദിവസം മാർക്ക് രേഖപ്പെടുത്താനുള്ള നടപടികളിലേക്ക് കടന്നപ്പോൾ ആണ് പരീക്ഷ പേപ്പർ തന്നെ കാണാതായ സംഭവം അറിയുന്നത്. വിദ്യാർത്ഥികളുടെ പരീക്ഷ ഫലം വൈകുന്നതിലെ പ്രതിസന്ധി  മുപ്പതാം തിയതി ചേരുന്ന സിൻഡിക്കേറ്റ് യോഗം ചർച്ച ചെയ്യും.

Follow Us:
Download App:
  • android
  • ios