പരാതി പിൻവലിക്കാൻ എംഎൽഎ 30 ലക്ഷം രൂപ വാദ്ഗാനം ചെയ്തെന്നും, ഒത്തുതീര്‍പ്പിന് പൊലീസ് ഇടപെടൽ ഉണ്ടായപ്പോഴാണ് ഒളിവിൽ പോയതെന്നുമായിരുന്നു യുവതി വെളിപ്പെടുത്തിയത്.
തിരുവനന്തപുരം : എൽദോസ് കുന്നപ്പിള്ളിക്കെതിരായ ലൈംഗീക പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ സ്ഥലം മാറ്റിയ, കോവളം എസ് എച്ച് ഒക്കെതിരെ വകുപ്പ് തല അന്വേഷണവും. എസ് എച്ച് ഒ പ്രൈജുവിനെതിരായ ആരോപണം തിരുവനന്തപുരം ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ അന്വേഷിക്കും. പരാതി പിൻവലിക്കാൻ എംഎൽഎ 30 ലക്ഷം രൂപ വാദ്ഗാനം ചെയ്തെന്നും, ഒത്തുതീര്‍പ്പിന് പൊലീസ് ഇടപെടൽ ഉണ്ടായപ്പോഴാണ് ഒളിവിൽ പോയതെന്നുമായിരുന്നു യുവതി വെളിപ്പെടുത്തിയത്.
പൊലീസിനെക്കൂടി പ്രതിക്കൂട്ടിലാക്കിയ ഗുരുതര ആരോപണമുയർന്നതിന് പിന്നാലെയാണ് കേസ് ഒത്തുതീർക്കാൻ ശ്രമിച്ചെന്ന് പരാതിക്കാരി വെളിപ്പെടുത്തിയ കോവളം എസ്എച്ച്ഒയെ സ്ഥലംമാറ്റിയത്. ആലപ്പുഴ പട്ടണക്കാട്ടേക്കാണ് ഇയാൾക്ക് സ്ഥലം മാറ്റം. ഗുരുതര ആരോപണങ്ങളാണ് എസ് എച്ച് ഒക്കെതിരെ ഉയർന്നത്. കഴിഞ്ഞ 29 ന് കിട്ടിയ പരാതിയന്വേഷിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ ചുമതലപ്പെടുത്തിയിട്ടും, കോവളം എസ് എച്ച് ഒ കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചു. അതിന് ശേഷം ഈ മാസം 9 ന് വീണ്ടും ആരോപണവിധേയനായ എൽദോസ് കുന്നപ്പള്ളിൽ യുവതിയുടെ വീട്ടിലെത്തി. എസ് എച്ച് ഒയുടെ മുന്നിൽച്ചെന്ന് പരാതി പിൻവലിച്ചെന്ന് പറയാൻ നിർബന്ധിച്ചു. പെരുമ്പാവൂരിലെ വനിതാ നേതാവും ഭീഷണിപ്പെടുത്തിയെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. ആരോപണം മുറുകിയതോടെ കഴിഞ്ഞ രണ്ട് ദിവസമായി എൽദോസ് കുന്നപ്പള്ളിൽ ഒളിവിലാണ്. പൊതുപരിപാടികളിലുമില്ല. 2 ഫോണും ഓഫാണ്. ഇതിനിടയിൽ വിശദീകരണവുമായി എംഎൽഎ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു. നിയമ വിരുദ്ധമായ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് എൽദോസ് കുന്നപ്പിള്ളിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.
എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതി, കെപിസിസി അന്വേഷിക്കും, 2 ദിവസത്തിനുള്ളിൽ റിപ്പോർട്ട്
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നിയമ വിരുദ്ധമായ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് ഞാൻ അനുസരിക്കും. ക്രിമിനലുകൾക്ക് ജൻഡർ വിത്യാസമില്ല എന്ന് മനസിലാക്കു. അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല.. ഞാൻ വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല. സത്യസന്ധമായി സത്യസന്ധർ മാത്രം പ്രതികരിക്കു. ഇത്ര വരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഒരു പാട് പേർ ജനിച്ചു മരിച്ച ഈ മണ്ണിൽ ഞാൻ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. പിൻതുണച്ചവർക്കും പിൻതുണ പിൻവലിച്ചവർക്കും സർവ്വോപരി സർവ്വ ശക്തനും നന്ദി.
