കാസർകോട്: കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോരുന്നതായി സംശയം. കാസർകോട് ജില്ലയിൽ കൊവിഡ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയ ചിലരെയാണ് തുടർചികിത്സ വാഗ്ദാനം ചെയ്ത് ചില സ്വകാര്യ ആശുപത്രികൾ ബന്ധപ്പെടുന്നത്. ചില ഡോക്ടർമാരാണ് ഇക്കാര്യം ആവശ്യപ്പെട്ട് രോഗികളെ നേരിട്ട് വിളിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. 

കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ നിന്ന് രോഗം ഭേദമായ പത്തിലധികം പേരെ ഇതിനകം സ്വകാര്യ ആശുപത്രികളിൽ നിന്നും ബന്ധപ്പെട്ടു കഴിഞ്ഞു.  അതേ സമയം കൊവിഡുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും ചെയ്യുന്നത് സര്‍ക്കാര്‍ ആശുപത്രികളിലാണെന്നും ഇതില്‍ വീണുപോകരുതെന്നും കാസര്‍കോഡ് ഡിഎംഒ ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു. 

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് കൊവിഡ് രോഗം ഭേദമായവർക്കാണ് ഫോൺ കോളുകൾ ലഭിക്കുന്നത് . രോഗം നിര്‍ണയിച്ചതു മുതല്‍ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ആശുപത്രിയില്‍ തന്നെയാണ് ചെയ്തിരുന്നത്. തുടര്‍ ചികില്‍സയും അങ്ങനെ തന്നെ. ഇതിനിടയിലാണ് വിദേശത്ത് നിന്ന് എത്തിയ ഇവരെ തേടി ചില സംഘങ്ങള്‍ എത്തിയത്. 

ഒരു രോഗിക്ക് വന്ന കോളിലെ സംഭാഷണം - 

രോഗി: എന്തിനാണ് ഈ പരിശോധന..? ഞാൻ ഒറ്റക്ക് പോയാൽ മതിയോ കുടംബക്കരേയും പരിശോധനക്ക് കൂട്ടണോ..?

ഡോക്ടർ: നമ്മുടെ ബോ‍‍ഡിയിൽ ഇമ്മ്യൂണിറ്റി ഉണ്ടെന്നും വേറെ ഇൻഫെക്ഷൻ ഒന്നുമില്ലെന്നും ഉറപ്പു വരുത്താനാണ് പരിശോധന.

രോഗിയുടെ ബന്ധുവാണെന്ന് പറഞ്ഞ് ഈ ഡോക്ടറെ ഏഷ്യാനെറ്റ് ന്യൂസ് സംഘവും വിളിച്ചു. ഞങ്ങളോടുള്ള അദ്ദേഹത്തിൻ്റെ മറുപടി ഇങ്ങനെയായിരുന്നു -  ബ്ലഡിൽ ഇൻഫെക്ഷൻ ഉണ്ടോ ? ബാക്കി എന്തെങ്കിലും ഇൻഫെക്ഷൻ വരാൻ സാധ്യത ഉണ്ടോ ? വൈറ്റമിൻ കുറവുണ്ടോ ? എന്ന് നോക്കാൻ വേണ്ടിയാണ് പരിശോധന. 

കൊവിഡ് രോഗം ഭേദമായതിന് ശേഷവും എന്തിനാണ് സ്വകാര്യ ആശുപത്രിയുടെ പരിശോധനയെന്നാണ് മനസിലാവാത്തത്. ഇതുമാത്രമല്ല. ഇവരില്‍ ചിലര്‍ക്ക് ബംഗുളുരുവിലെ കൊവിഡ‍് സെല്ലില്‍  നിന്നെന്ന് പരിചയപ്പെടുത്തിയും നിരവധി കോളുകളെത്തി. രോഗത്തിന്‍റെ വിശദാംശങ്ങളാണ് തേടാന്‍ ശ്രമിച്ചത്. തിരിച്ച് വിളിക്കാന്‍ കഴിയാത്ത നമ്പറുകളില്‍ നിന്നാണ് കോളുകളെന്നും രോഗമുക്തരായവർ പറയുന്നു.

എന്താണ് ഇവരുടെ ഉദ്ദേശമെന്ന് ആര്‍ക്കുമറിയില്ല. കൊവിഡ് ചികില്‍സ പൂര്‍ണമായും സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ്. രോഗികളുടെ ഡാറ്റ സര്‍ക്കാരിന് മാത്രമാണ് നല്‍കുന്നതെന്നും ആരും കെണിയില്‍ വീണുപോകരുതെന്നുമാണ് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്.

രോഗികളുടെ ഡാറ്റ കേന്ദ്രത്തിനും സംസ്ഥാന ആരോഗ്യ വകുപ്പിനും കൺട്രോൾ റൂമിനും മാത്രമാണ് നൽകുന്നത്. സ്വകാര്യ ഡോക്ടർ രോഗികളെ വിളിക്കേണ്ട ആവശ്യം ഇല്ല. ഇതിനകം തന്നെ നിരവധി പേര്‍ക്ക് ഇത്തരം കോളുകള്‍ വന്നെന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ മനസിലായത്.

വിദേശത്ത് നിന്ന് രോഗം ബാധിച്ച് പൂര്‍ണമായും ഭേദമായ ശേഷം എന്തിനാണ് ചിലര്‍ ഇവരുടെ പിറകെ കൂടുന്നത്. ഇവരുടെ ഉദ്ദേശമെന്താണ്. രോഗികളുടെ വിവരങ്ങൾ എവിടെ നിന്നാണ് ഇവർക്ക് കിട്ടിയത്. ഉയരുന്നത് ദുരൂഹമായ ഒട്ടേറെ ചോദ്യങ്ങളാണ്...