പുതിയ ചെറുപ്പക്കാരൊക്കെ ഫോണിലും കുത്തിയിരിപ്പാണെന്നാണ് മുതിര്‍ന്ന തലമുറയുടെ പരാതി. എന്നാല്‍ വെറുതെ ഫോണില്‍ കുത്തിയിരിക്കുകയല്ല, ആവശ്യം വന്നാല്‍ എന്ത് സാങ്കേതിക വിദ്യയും ഉപയോഗിച്ച് ഏത് ദുര്‍ഘട സാഹചര്യത്തെയും നേരിടാമെന്ന് തെളിയിക്കുന്നവരുടെ ഉദാഹരണമാണ് ദേവാംഗ് എന്ന 19കാരന്‍. തൃശൂര്‍ തളിക്കുളത്ത് ആഴക്കടലില്‍ വള്ളം മറിഞ്ഞ് കാണാതായ നാല് പേരുടെ ജീവന്‍ രക്ഷിച്ചത് ദേവാംഗിന്റെ ന്യൂജന്‍ തന്ത്രങ്ങളാണ്. കാണാതായവരെ കണ്ടെത്താന്‍  എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ ദേവാംഗ് ഡ്രോണ്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തിയത്.

ആഴക്കടലില്‍ വള്ളത്തില്‍ പോയാണ് ദേവാംഗ് ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയത്. തിരച്ചിലില്‍ കുടത്തില്‍ പിടിച്ച് പൊങ്ങിക്കിടന്നയാളെ ഡ്രോണ്‍ ക്യാമറയില്‍ പതിഞ്ഞു. ഇതാണ് നിര്‍ണായകമായത്. തുടര്‍ന്ന് തിരച്ചില്‍ അങ്ങോട്ടേക്ക് മാറ്റി മറ്റുള്ളവരെയും കണ്ടെത്തി. 12 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള മത്സത്തൊഴിലാളികളെയാണ് ദേവാംഗ് രക്ഷിച്ചത്.

ഇതോടെ ദേവാംഗിനെ തേടി അഭിനന്ദന പ്രവാഹമായിരുന്നു. പ്രാദേശിക നേതാക്കള്‍ തൊട്ട് മന്ത്രിമാര്‍ വരെ അഭിനന്ദനവുമായി എത്തി. സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് വിനോദയാത്രക്കിടെ കാട്ടിലകപ്പെട്ട കൂട്ടുകാരെയും ദേവാംഗ് ഡ്രോണ്‍ ഉപയോഗിച്ച് കണ്ടെത്തിയിട്ടുണ്ട്.