ശബരിമലയിലെ ഓണസദ്യ വിവാദത്തിൽ ദേവസ്വം മന്ത്രി കെ മുരളീധരനെ തള്ളി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. സദ്യ നൽകിയതിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും മന്ത്രിക്ക് ലഭിച്ച വിവരം ശരിയല്ലെന്നും ജയകുമാർ പറഞ്ഞു. 3000 ഭക്തർ സദ്യ കഴിച്ചുവെന്നും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: ശബരിമല ഓണസദ്യ വിവാദത്തിൽ ദേവസ്വം മന്ത്രി കെ മുരളീധരനെ തള്ളി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. മന്ത്രിക്ക് കിട്ടിയ വിവരം ശരിയല്ലായിരിക്കാം. തിരുവോണ സദ്യ നൽകിയതിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം. മെസ്സിൽ കൊടുത്ത സദ്യ 3000 ഭക്തർ കഴിച്ചു. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതാണ്. സദ്യയെ കുറിച്ച് ആവശ്യമില്ലാത്ത ദുരൂഹത പ്രചരിപ്പിക്കുകയാണെന്നും കെ ജയകുമാർ പ്രതികരിച്ചു.
സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങി എന്ന പരാതി ലഭിച്ചെന്നും അന്വേഷിക്കാൻ നിർദ്ദേശം നൽകിയെന്നുമാണ് ദേവസ്വം മന്ത്രി കെ മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞത്. തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് നിർദ്ദേശം നൽകിയത്. മുൻ സംവിധാനങ്ങളിൽ മാറ്റം വരുത്തിയപ്പോൾ ഏകോപനം കുറവുണ്ടായോ എന്ന് പരിശോധിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു. വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകിയിരുന്നു. അന്നദാനം ഉൾപ്പെടെയുള്ളവയ്ക്ക് കൃത്യമായ നടപടി ക്രമങ്ങൾ ഉണ്ടാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പിന്നാലെയാണ് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് വ്യക്തമാക്കിയത്.
