തിരുവനന്തപുരം: സുപ്രീംകോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പദ്‍മകുമാര്‍. എല്ലാവരും സംയമനത്തോടെ വിധിയെ അംഗീകരിക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു. ശബരിമല വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ അമ്പതിലധികം പുനഃപരിശോധന ഹര്‍ജികളില്‍ നാളെയാണ് സുപ്രീകോടതി വിധി പറയുന്നത്. വിശ്വാസികള്‍ക്ക് അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ഹിന്ദു ഐക്യവേദിയുടെ പ്രതികരണം. വിധി എതിരായാല്‍ ഭരണഘടനാപരമായ മാര്‍ഗം തേടുമെന്ന് ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28 നായിരുന്നു ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടന ബെഞ്ചിന്‍റെ വിധി വന്നത്. ശബരിമലയിൽ 10 മുതൽ 50 വയസുവരെ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചത് 1991 ഏപ്രിൽ 5 ലെ കേരള ഹൈക്കോടതി വിധിയെ തുടര്‍ന്നായിരുന്നു. ചങ്ങനാശ്ശേരി സ്വദേശിയായ എസ് മഹേന്ദ്രൻ അയച്ച ഒരു കത്ത് റിട്ട് ഹര്‍ജിയായി പരിഗണിച്ച് ജസ്റ്റിസുമാരായ കെ പരിപൂര്‍ണൻ, കെ ബി മാരാര്‍ എന്നിവരുടേതായിരുന്നു ആ വിധി. 15 വര്‍ഷത്തിന് ശേഷം 2006ലാണ് അതിനെതിരെയുള്ള കേസ് സുപ്രീംകോടതിയിലെത്തുന്നത്. ഹര്‍ജി നൽകിയത് യംങ് ലോയേഴ്സ് അസോസിയേഷൻ. വര്‍ഷങ്ങൾക്ക് ശേഷം 2017ൽ ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിലേക്ക് എത്തുന്നതോടെയാണ് ശബരിമല കേസിൽ വഴിത്തിരിവുണ്ടാകുന്നത്. 2017 ഒക്ടോബര്‍ 13ന് കേസ് ഭരണഘടന ബെഞ്ചിലേക്ക്എത്തി. 

ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രക്ക് പുറമെ, ജസ്റ്റിസുമാരായ റോഹിങ്ടൻ നരിമാൻ, ഡി വൈ ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര, എ എം കാൻവിൽക്കര്‍ എന്നിവരായിരുന്നു ഭരണഘടനാ ബെഞ്ചിൽ. എട്ട് ദിവസത്തെ വാദം കേൾക്കലിനൊടുവിൽ 2018 സെപ്റ്റംബര്‍ 28ന് ഭരണഘടന ബെഞ്ച് വിധി പറഞ്ഞു. ഭരണഘടന ബെഞ്ചിലെ നാല് ജഡ്ജിമാര‍് യുവതി പ്രവേശനം ശരിവെച്ചപ്പോൾ ബെഞ്ചിലെ ഏക വനിത ജഡ്ജിയായിരുന്ന ജസ്റ്റിസ് ഇന്ദുമൽഹോത്രയുടെ വിധി ആചാരാനുഷ്ഠാനങ്ങളെ അനുകൂലിച്ചായിരുന്നു. വിശ്വാസത്തിനുള്ള ഭരണഘടനാ അവകാശം എല്ലാവര്‍ക്കും ഒരുപോലെ ആകണം എന്നതായിരുന്നു ഭൂരിപക്ഷ വിധി. വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കങ്ങൾ വലിയ വിവാദങ്ങൾക്കും സംഘര്‍ഷങ്ങൾക്കും വഴിവെച്ചിരുന്നു.