അയ്യപ്പ സംഗമത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ക്ഷണിച്ചതാണെന്നും പല കോണിൽ നിന്നും സഹകരണം ഉണ്ടായില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കാത്തതിൽ വിശദീകരണമായി ദേവസ്വം ബോർഡ്. അയ്യപ്പ സംഗമത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ക്ഷണിച്ചതാണെന്നും പല കോണിൽ നിന്നും സഹകരണം ഉണ്ടായില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പലരും വരാത്തതിന് കാരണങ്ങളുണ്ട്. ശബരിമലയുടെ അടിസ്ഥാനവികസനം മാത്രമാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം. അതിന് എല്ലാ സർക്കാരുകളും സഹകരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സംഗമം നടക്കുമ്പോൾ ശബരിമലയിലേക്ക് എത്തുന്ന മറ്റു തീർത്ഥാടകർക്ക് ഒരു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും ബോർഡ് വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമത്തിൽ ക്ഷണം സ്വീകരിച്ചത് തമിഴ്നാട് സർക്കാർ മാത്രം
ആഗോള അയ്യപ്പ സംഗമത്തിൽ ദേവസ്വം ബോർഡിന്റെ ക്ഷണം സ്വീകരിച്ചത് തമിഴ്നാട് സർക്കാർ മാത്രം. ഉദ്ഘാടന ചടങ്ങിൽ തമിഴ്നാട്ടിൽ നിന്നുള്ള രണ്ടു മന്ത്രിമാരാണ് പങ്കെടുക്കുന്നത്. മന്ത്രിമാരായ പി കെ ശേഖർ ബാബു, പളനിവേൽ ത്യാഗരാജൻ എന്നിവരാണ് അയ്യപ്പസംഗമത്തിന് എത്തുക. കർണാടക, ഡൽഹി, തെലങ്കാന സർക്കാരുകളെ അടക്കം അയ്യപ്പസംഗമത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അവർ പ്രതിനിധികളെ അയച്ചിട്ടില്ല. സംഗമത്തിലെ മറ്റ് ക്ഷണിതാക്കളെല്ലാം കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ്.
ആഗോള അയ്യപ്പ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
നാളെയാണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. 3000ത്തിലധികം പ്രതിനിധികൾ അയ്യപ്പസംഗമത്തിൽ പങ്കെടുക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 3 സെഷനുകളായാണ് ചർച്ചകൾ സംഘടിപ്പിക്കുക. ആഗോള അയ്യപ്പ സംഗമത്തിൽ വിവിഐപികൾ അടക്കം 3000ത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. ശബരിമല മാസ്റ്റർ പ്ലാൻ ഉൾപ്പെടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ സ്പോൺസർമാരുടെ സഹായം തേടുമെന്ന് ദേവസ്വം മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് സെഷനുകൾ ആയാണ് ചർച്ചകൾ നടക്കുക. ശബരിമല മാസ്റ്റർ പ്ലാൻ, തീർത്ഥാടക ടൂറിസം, തിരക്ക് നിയന്ത്രണത്തിനുള്ള മാർഗങ്ങൾ എന്നിവയിൽ ആണ് പ്രധാന ചർച്ച.


