എന്നാൽ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് മേൽനോട്ട സമിതിയാണെന്നും കടകംപള്ളി വ്യക്തമാക്കി.

തിരുവനന്തപുരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂര വിളംബരത്തിന് മാത്രമായി പങ്കെടുപ്പിക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ദേവസ്വം മന്ത്രി സ‍ർക്കാർ നിലപാട് വ്യക്തമാക്കിയത്. എന്നാൽ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് മേൽനോട്ട സമിതിയാണെന്നും കടകംപള്ളി പറഞ്ഞു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിൽ നിന്ന് വിലക്കിയ സംഭവത്തിൽ ഇന്ന് ഉച്ചയോടെയാണ് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നൽകിയത്. ആവശ്യമെങ്കിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂര വിളമ്പരത്തിന് മാത്രം എഴുന്നള്ളിക്കാമെന്നായിരുന്നു നിയമോപദേശം. പൊതു താത്പര്യം പറഞ്ഞ് ഭാവിയില്‍ ഇത് അംഗീകരിക്കരുത് എന്നും എജി നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. 

കർശന ഉപാധികളോടെയെന്ന് അനുമതി നൽകേണ്ടത് എന്ന് നിയമോപദേശത്തില്‍ കൃത്യമായി പറയുന്നുണ്ട്. ആനയ്ക്ക് പ്രകോപനമുണ്ടാകില്ലെന്ന് ഉറപ്പാക്കണം, ജനങ്ങളെ നിശ്ചിത അകലത്തിൽ മാറ്റി നിർത്തണം, അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണം എന്നീ ഉപാധികശ്‍ കര്‍ശനമായി പാലിക്കണം എന്ന് നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

വിഷയത്തിൽ നാളെ ഉച്ചയോടെ തീരുമാനമുണ്ടാകും. ആന ഉടമകൾക്കും തൃശൂരിലെ ജനങ്ങൾക്കും സന്തോഷകരമായ ഒരു തീരുമാനത്തിലെത്താൻ കഴിയുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷയെന്നും കടകംപള്ളി നേരത്തെ പറഞ്ഞിരുന്നു.