ഇടുക്കി: ഇടുക്കി പഞ്ചാലിമേട്ടിലെ ഭൂമി കയ്യേറ്റ വിവാദത്തില്‍ പ്രതികരണവുമായി ദേവസ്വം പ്രസിഡന്‍റ് എ പത്മകുമാർ. പാഞ്ചാലിമേട്ടിൽ ദേവസ്വം ബോർഡിന് 22 ഏക്കർ സ്ഥലമുണ്ടെന്നും ഇത് അളന്ന് തിരിച്ചിടുമെന്നും ദേവസ്വം പ്രസിഡന്‍റ് പറഞ്ഞു. ഇതിന് ശേഷം മാത്രമേ കയ്യേറ്റം ഉണ്ടായോ എന്ന് അറിയാനാകൂ. ഇതിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കും ഹൈക്കോടതിയിൽ റിപ്പോർട്ട്‌ നൽകുകയെന്നും എ പത്മകുമാർ പറഞ്ഞു. പാഞ്ചാലിമേട് സന്ദർശിച്ച ശേഷമായിരുന്നു, ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ പ്രതികരണം.

പാഞ്ചാലിമേട്ടില്‍ പുതിയതായി കുരിശ് നാട്ടിയത് സര്‍ക്കാര്‍ ഭൂമിയിലാണോ അതോ ദേവസ്വം ബോര്‍ഡിന്‍റെ ഭൂമിയിലാണോ എന്ന് അറിയിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പത്ത് ദിവസത്തിനകം ഇക്കാര്യത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും മറുപടി നല്‍കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് ശേഷം ജൂലൈ ഒന്നിന് ഇക്കാര്യം ഹൈക്കോടതി വീണ്ടും പരിഗണിക്കും. 

അതിനിടെ കുരിശ് വിവാദത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയുടെ നേതൃത്വത്തില്‍ തീവ്ര ഹിന്ദു സംഘടനകള്‍ നടത്തിയ പ്രതിഷേധ പ്രകടനം പൊലീസ് പാഞ്ചാലിമേട്ടില്‍ തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് ഇവര്‍ നാമജപ പ്രതിഷേധം നടത്തി. 

രാവിലെ പതിന്നൊന്ന് മണിയോടെയാണ് സംഘം പാഞ്ചാലിമേട്ടിലെത്തിയത്. എന്നാല്‍ ഇവരെ കടത്തിവിടാതെ പൊലീസ് തടയുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംഘം നാമജപ പ്രതിഷേധം തുടങ്ങിയത്. ശബരിമല പൊന്നമ്പലമേടിന്‍റെ ഭാഗമായ പാഞ്ചാലിമേട് കയ്യേറിയാണ് കുരിശ് സ്ഥാപിച്ചതെന്നാണ് തീവ്ര ഹിന്ദു സംഘടനകളുടെ ആരോപണം. 

അതേസമയം അമ്പലത്തോളം പഴക്കമുണ്ട്. കുരിശുമല കയറ്റത്തിനെന്നാണ് കണയങ്കവയൽ പള്ളി പറയുന്നത്. കുരിശുകളും അമ്പലവും റവന്യൂ ഭൂമിയിലാണെങ്കിലും വിശ്വാസത്തിന്‍റെ കാര്യമായതിനാൽ തിടുക്കപ്പെട്ട് നടപടിയെടുക്കില്ലെന്ന നിലപാടിലാണ് ഇടുക്കി ജില്ലാ ഭരണകൂടം. റവന്യൂ ഭൂമിയിൽ അല്ലെങ്കിലും കുരിശുകൾക്കും അമ്പലത്തിനുമെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കാനാവില്ലെന്ന് കളക്ടർ എച്ച് ദിനേശൻ നേരത്തെ വ്യക്തമാക്കിയിരുന്നു.