കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തെ തുടർന്ന് തന്നെ ഡിജിസിഎ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട പൈലറ്റുമാരുടെ സംഘടനയ്ക്ക് വിജയാശംസ നേർന്ന് അരുൺകുമാർ. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്ന അദ്ദേഹം പക്ഷെ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു.

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ ലാൻഡിങ് പിഴവാണ് അപകടകാരണമെന്ന പ്രസ്താവനയെ തുടർന്നാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍  ജനറല്‍ അരുണ്‍ കുമാറിനെ മാറ്റണമെന്ന് പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെട്ടത്. പൈലറ്റുമാര്‍ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തെഴുതി. അന്വേഷണ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് നിഗമനത്തില്‍ എത്തിയത് എങ്ങനെയെന്നാണ് പൈലറ്റുമാരുടെ ചോദ്യം. അപകടത്തില്‍ മരിച്ച പൈലറ്റുമാരെ ഡിജിസിഐ അപമാനിച്ചെന്നും പ്രതിഷേധം അറിയിച്ച് എഴുതിയ കത്തില്‍ പൈലറ്റുമാര്‍ ആരോപിക്കുന്നു. 

അതേസമയം കരിപ്പൂർ അപകടത്തെക്കുറിച്ച് പാർലമെൻററി സമിതി ചർച്ച ചെയ്യണമെന്ന് കെസി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പാർലമെന്ററി സമിതി അധ്യക്ഷന് കത്ത് നൽകി. പാർമെന്റിലെ ട്രാൻസ്പോർട്ട് സമിതിയുടെ 17ന് ചേരുന്ന യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യണമെന്നാണ് കെസി വേണുഗോപാൽ ആവശ്യപ്പെട്ടത്.

വിമാന അപകടത്തിന്‍റെ പശ്ചാത്തലത്തിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മഴക്കാലത്ത് വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറക്കുന്നത് തടഞ്ഞ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഉത്തരവിട്ടത്. ആഗസ്റ്റ് ഏഴിന് ദുബൈയിൽ നിന്നെത്തിയ ഐഎക്സ് 1344 വിമാനം അപകടത്തിൽപെട്ട് യാത്രക്കാരും ജീവനക്കാരും അടക്കം 18 പേർ മരിച്ച സാഹചര്യത്തിലാണ് ഡിജിസിഎ ഉത്തരവ്.