തിരുവനന്തപുരം: കടകളിലും സ്ഥാപനങ്ങളിലും നിശ്ചിതസമയത്ത് പ്രവേശിക്കാവുന്ന വ്യക്തികളുടെ എണ്ണം വ്യക്തമാക്കി പോസ്റ്റർ പതിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പോസ്റ്റർ പതിക്കുന്നതുവഴി  നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ കഴിയുമെന്ന് ഡിജിപി പറഞ്ഞു. ഇക്കാര്യത്തില്‍ അടിയന്തരനടപടി സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

അതേസമയം സംസ്ഥാനത്ത് ഇന്ന് 195 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 10 പേര്‍ക്കും, കൊല്ലം ജില്ലയിലെ 2 പേര്‍ക്കും, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 102 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,67,978 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,65,515 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റീനിലും 2463 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 281 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം പരിശോധനയും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6166 സാമ്പിളുകളാണ് പരിശോധിച്ചത്.