തിരുവനന്തപുരം: കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ പൊലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ ലാത്തികൊണ്ടുള്ള അടിയേറ്റ്  ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ക്രമസമാധാനവിഭാഗം എഡിജിപിയോടും കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തിരനടപടി സ്വീകരിക്കുമെന്നും ഡിജിപി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. കടയ്ക്കലിൽ വാഹനപരിശോധനയ്ക്കിടെ  നിർത്താതെ പോയ ബൈക്ക് യാത്രക്കാരനെ പൊലീസ് ലാത്തി കൊണ്ട് എറിഞ്ഞിട്ടാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞു. തലയ്ക്ക് ഗുരുതര പരുക്കേറ്റ കടക്കൽ സ്വശേദി സിദ്ദിഖിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലാത്തിയെറിഞ്ഞ കടയ്ക്കൽ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ചന്ദ്രമോഹനെ സസ്പെന്‍ഡ് ചെയ്തു. 

പരിശോധനയിൽ പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുമെന്നാണ് വിവരം. സംഭവത്തിൽ ശക്തമായ നടപടിയെടുത്തെന്ന് റൂറൽ എസ്പി ഹരിശങ്കർ അറിയിച്ചു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ പാരിപ്പള്ളി – മടത്തറ റോഡ് ഉപരോധിച്ചു.  ഹെല്‍മെറ്റ് ധരിക്കാത്തവരെ ഓടിച്ചിട്ട് പിടികൂടരുതെന്ന ഹൈക്കോടതി നിർദേശത്തിന് പിന്നാലെയാണ് സംഭവം. 

ട്രാഫിക് ലംഘനം കണ്ടെത്താൻ ആധുനികവും ശാസ്ത്രീയവുമായ സംവിധാനങ്ങൾ ഉപയോഗിക്കണം. റോഡിന് മധ്യത്തിൽ നിന്നുള്ള ഹെൽമെറ്റ് പരിശോധന പാടില്ല. ഹെൽമെറ്റ് ഉപയോഗിക്കാത്തവരെ കായികമായല്ല നേരിടേണ്ടതെന്നും  ഇതുസംബന്ധിച്ച് ഡിജിപി പുറത്തിറക്കിയ സർക്കുലർ കർശനമായി പാലിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.