Asianet News MalayalamAsianet News Malayalam

അന്തർ ജില്ലാ ഗതാഗതം അനുവദിക്കില്ല; പൊലീസ് പരിശോധന തുടരുമെന്ന് ഡിജിപി

അനുവാദം ഉള്ളവർ മാത്രമേ വാഹനങ്ങളുമായി പുറത്തിറങ്ങാവൂ. നിർദ്ദേശം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കും. പിഴ ചുമത്തുന്ന കാര്യവും ഉറപ്പാണ്.
 

dgp loknath behra on vehicle checking during lockdown
Author
Thiruvananthapuram, First Published Apr 18, 2020, 7:21 PM IST

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി ചില ജില്ലകളിൽ വാഹനങ്ങള്‍ പുറത്തിറക്കാമെങ്കിലും അന്തർജില്ലാ ഗതാഗതം അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സംസ്ഥാനത്തെ നാലു സോണുകളായി തിരിച്ചാണ് നിയന്ത്രങ്ങളിൽ ഇളവ് കൊണ്ടുവരുന്നത്. റെഡ് സോണിൽപ്പെടുന്ന കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കർശന നിയന്ത്രണങ്ങള്‍ തുടരും. ഈ ജില്ലയിലേക്ക് യാത്ര അനുവദിക്കില്ല.

തിങ്കളാഴ്ച മുതൽ ഇളവ് വരുന്ന ഗ്രീൻ, ഓറഞ്ച് ബി സോണുകളിൽപ്പെട്ട ജില്ലകളിൽ ചില ഇളവുകള്‍ ഉണ്ടാകും. ഈ ജില്ലകളിൽ തുറക്കുന്ന ഓഫീസുകളിലേക്ക് അവശ്യ സർവ്വീസുകാർക്കും വാഹനങ്ങള്‍ നിരത്തിലിറക്കാം. തിങ്കളാഴ്ച ഒറ്റ നമ്പർ വാഹനങ്ങളും അടുത്ത ദിവസം ഇരട്ട അക്ക വാഹനങ്ങളും പുറത്തിറക്കാം. യാത്രക്കാർ തിരിച്ചറിയിൽ കാർഡ് കൈയിൽ കരുതണം.  

24ന് ഓറഞ്ച് എ സോണിൽപ്പെട്ട ജില്ലകളിലും നിയന്ത്രണങ്ങളോടെ ഗതാഗതം അനുവദിക്കും. ജനങ്ങളെ വിശ്വാസത്തിൽ എടുത്തുകൊണ്ടുള്ള പൊലീസ് പരിശോധനയാവും  ഉണ്ടാവുകയെന്നാണ് ഡിജിപി പറയുന്നത്. അതായത് നിരത്തിലിറങ്ങുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കില്ല. നാലു ചക്രവാഹനങ്ങളിൽ ഡ്രൈവർ ഉള്‍പ്പെടെ മൂന്നുപേരെയെ അനുവദിക്കൂ.

ഇരുചക്രവാഹനങ്ങളിൽ ഒരാള്‍ യാത്ര ചെയ്യണമെന്നാണ് നിർദ്ദേശം. അടുത്ത ബന്ധുക്കളാണെങ്കിൽ മാത്രം പിന്നിൽ സഞ്ചരിക്കാം. വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർ ഈ നിർദ്ദേശങ്ങള്‍ ലംഘിച്ചാൽ നിയമനടപടിയുണ്ടാകുമെന്നും ഡിജിപി പറഞ്ഞു. റെഡ് സോണ്‍ ഒഴികെയുള്ള ജില്ലകളിൽ ബസ് സർവ്വീസ് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചുവെങ്കിലും അതിൽ തിരുത്തൽ വരുത്തും. മെയ് മൂന്നിന് ശേഷം മാത്രമേ ബസ്സ് സർവ്വീസുകള്‍ അനുവദിക്കു.
 

Follow Us:
Download App:
  • android
  • ios