ആലപ്പുഴ: ചേര്‍ത്തലയില്‍ ബൈക്ക് യാത്രികനെ പൊലീസ് മര്‍ദ്ദിച്ചെന്ന പരാതി അന്വേഷിക്കാന്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാനാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

വാഹന പരിശോധന നടത്തുമ്പോള്‍ പൊതുജനത്തോട് പെരുമാറുന്നതു സംബന്ധിച്ച് വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നേരത്തേ തന്നെ പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇതിനു വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് നിര്‍ഭാഗ്യകരമാണ്. ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു.

ചേർത്തലയിൽ വഴിയരികിൽ മറഞ്ഞ് നിന്ന് വാഹനപരിശോധന നടത്തിയ പൊലീസ് നടപടി ചോദ്യം ചെയ്ത, സർക്കാർ ജീവനക്കാരന്‍റെ പല്ല് അടിച്ചുകൊഴിച്ചെന്നാണ് പരാതി. പിഎസ്‍സി ഉദ്യോഗസ്ഥനായ രമേശ് കമ്മത്താണ് മർദ്ദനത്തിന് ഇരയായെന്ന് കാട്ടി ഡിജിപിക്ക് പരാതി നൽകിയത്. ശനിയാഴ്ച വൈകീട്ട് ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും വീട്ടിലേക്ക് മടങ്ങും വഴി, പൂത്തോട്ടപ്പാലത്തിന് സമീപം വച്ച് പൊലീസ് കൈകാണിച്ച് നിർത്തി. 

മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയതോടെ പൊയ്ക്കൊള്ളാൻ പറഞ്ഞു. എന്നാൽ വളവിൽ മറഞ്ഞുനിന്നുള്ള വാഹനപരിശോധന അപകടമല്ലേയെന്നും ഇത് ചട്ടവിരുദ്ധമാണെന്നും ഗ്രേഡ് എസ്ഐയോട് ചോദിച്ചു. ഇത് ഇഷ്ടപ്പെടാഞ്ഞ പൊലീസുകാർ തന്നെ മർദ്ദിച്ചെന്നും പല്ല് അടിച്ചുകൊഴിച്ചെന്നുമാണ് രമേശ് കമ്മത്തിന്‍റെ പരാതിയിൽ പറയുന്നത്. എന്നാൽ രമേശന്‍റെ വാദം പൂർണ്ണമായി തള്ളുകയാണ് പൊലീസ്. മേശന്‍റേത് വെപ്പ് പല്ലാണെന്നും മർദ്ദിച്ചിട്ടില്ലെന്നും ആലപ്പുഴ എസ്പി പറഞ്ഞു.