ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് വിദ്യാർഥികളുടെ ഐതിഹാസിക വിജയമെന്ന് പിണറായി. വിശ്വാസ്യത തകർന്ന എൻടിഎയെ ഒഴിവാക്കി പുതിയ പരീക്ഷാ സംവിധാനം വേണം. അഴിമതി നിറഞ്ഞ കേന്ദ്രീകൃത സംവിധാനത്തെ പിഴുതെറിയും വരെ പോരാട്ടം തുടരാമെന്നും പിണറായി ആഹ്വാനം ചെയ്തു
തിരുവനന്തപുരം: നീറ്റ് അട്ടിമറിക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് തെരുവിലിറങ്ങിയ വിദ്യാർഥികളുടെ ഐതിഹാസിക വിജയമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിദ്യാർത്ഥി സമൂഹത്തിന്റെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യം മുട്ടുകുത്തിയതിന്റെ തെളിവാണ് രാജിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വിദ്യാർഥി സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയാണെന്നും വിദ്യാർത്ഥികളുടെ അവകാശപ്പോരാട്ടം വിജയം കണ്ടതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഒരു മന്ത്രിയുടെ രാജി കൊണ്ട് മാത്രം പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, വിശ്വാസ്യത തകർന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (എൻ ടി എ) ഒഴിവാക്കുകയോ അടിമുടി അഴിച്ചുപണിയുകയോ വേണമെന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് പുതിയ പരീക്ഷാ നടത്തിപ്പ് സംവിധാനം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അഴിമതി നിറഞ്ഞ ഈ കേന്ദ്രീകൃത സംവിധാനത്തെ വേരോടെ പിഴുതെറിയും വരെ ഈ പോരാട്ടം മുന്നോട്ടു പോകേണ്ടതുണ്ട്. അതിനു കരുത്തു പകരാൻ അടിയുറച്ച ജനാധിപത്യ ബോധ്യത്തോടെ ഒറ്റക്കെട്ടായി പോരാട്ടം തുടരാമെന്നും പിണറായി ആഹ്വാനം ചെയ്തു.
പിണറായിയുടെ കുറിപ്പ്
രാജ്യത്തെ വിദ്യാർത്ഥിസമൂഹത്തിന്റെ ഇച്ഛാശക്തിക്കു മുന്നിൽ കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യം ഒടുവിൽ മുട്ടുകുത്തിയിരിക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി, അഴിമതിക്കും വിദ്യാഭ്യാസ മേഖലയിലെ തെറ്റായ നയങ്ങൾക്കും എതിരെ തെരുവിലിറങ്ങിയ യുവത രചിച്ച ഐതിഹാസിക വിജയമാണ്. മോദി സർക്കാരിൻ്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടി കൂടിയാണ് ഈ സമരത്തിൻ്റെ വിജയം. ചോദ്യപേപ്പർ ചോർച്ചയും ലക്ഷക്കണക്കിന് കുട്ടികളുടെ കണ്ണീരും കണ്ടില്ലെന്ന് നടിച്ച, പ്രതിഷേധങ്ങളെ ഏകാധിപത്യ പ്രവണതകളോടെ നേരിട്ട ബി ജെ പി ഗവൺമെൻ്റിന് ജനാധിപത്യത്തിൻ്റെ കരുത്തെന്താണെന്ന് ബോധ്യപ്പെട്ട ദിനങ്ങളാണ് കടന്നുപോയത്. എന്നാൽ ഒരു മന്ത്രി പടിയിറങ്ങിയത് കൊണ്ട് മാത്രം അവസാനിക്കുന്നതല്ല രാജ്യത്തെ വിദ്യാഭ്യാസ മേഖല നേരിടുന്ന ഈ വലിയ പ്രതിസന്ധി. എൻ ടി എ എന്ന സംവിധാനത്തിന്റെ വിശ്വാസ്യത തന്നെ പൂർണ്ണമായും തകർന്നു കഴിഞ്ഞു. ഫെഡറൽ തത്വങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ട്, സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് മേൽ കടന്നുകയറി കേന്ദ്രം അടിച്ചേൽപ്പിച്ചതാണ് നീറ്റ് അടക്കമുള്ള പരീക്ഷകൾ. അതിനു പിന്നിലെ യഥാർത്ഥ ലക്ഷ്യം വിദ്യാഭ്യാസ രംഗത്തെ കച്ചവടവൽക്കരിക്കലും കാവിവൽക്കരിക്കലുമാണെന്ന് ഇന്ന് പകൽ പോലെ വ്യക്തമാണ്. അഴിമതിക്ക് ചൂട്ടുപിടിക്കുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ ചുമതലയിൽ നിന്ന് മാറ്റുകയോ അടിമുടി ഉടച്ച് വാർക്കുകയോ വേണം. സംസ്ഥാനങ്ങളെ കൂടി വിശ്വാസത്തിലെടുത്ത് പരീക്ഷാ നടത്തിപ്പിന് പുതിയ സ്റ്റാറ്റ്യൂട്ടറി സംവിധാനം ഏർപ്പെടുത്തണം. അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ യാതൊരു ഒത്തുതീർപ്പുകളുമില്ലാതെ പോരാടിയ മുഴുവൻ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ. അഴിമതി നിറഞ്ഞ ഈ കേന്ദ്രീകൃത സംവിധാനത്തെ വേരോടെ പിഴുതെറിയും വരെ ഈ പോരാട്ടം മുന്നോട്ടു പോകേണ്ടതുണ്ട്. അതിനു കരുത്തു പകരാൻ അടിയുറച്ച ജനാധിപത്യ ബോധ്യത്തോടെ നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം.
