നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്നുള്ള വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ വിലമതിക്കാനാകാത്ത ഏടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ വിലമതിക്കാനാകാത്ത ഏടാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദൻ. ആർ എസ് എസും ബി ജെ പിയും ചേർന്ന് ജനാധിപത്യപരമായ എല്ലാ പ്രതിഷേധങ്ങളെയും ദേശവിരുദ്ധമെന്ന് മുദ്രകുത്തി തകർക്കാനും ജയിലിലടയ്ക്കാനും ശ്രമിച്ചെങ്കിലും, യുവജനത ഇന്ത്യയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കുകയാണുണ്ടായത്. വമ്പിച്ച രീതിയിലുള്ള ജനകീയ മുന്നേറ്റം സൃഷ്ടിക്കാൻ ഈ പോരാട്ടത്തിന് സാധിച്ചുവെന്നും ആദ്യം പ്രക്ഷോഭത്തോടു മുഖംതിരിഞ്ഞു നിന്ന കോൺഗ്രസിന് പോലും പിന്നീട് മാറിനിൽക്കാൻ കഴിയില്ലെന്ന് മനസ്സിലായെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

സി ജെ പി മുന്നേറ്റത്തിൽ സി പി എമ്മിന് ആശങ്കയില്ല

സി ജെ പിയുടെ മുന്നേറ്റം സി പി എമ്മിനെ യാതൊരു രീതിയിലും ആശങ്കപ്പെടുത്തുന്നില്ലെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ജനവിരുദ്ധ ഭരണകൂടത്തിനെതിരെയുള്ള ഏത് സമരവും സജീവമാകട്ടെ എന്നതാണ് പാർട്ടിയുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുംദിവസങ്ങളിലും യുവാക്കൾ നടത്തുന്ന ഇത്തരം ന്യായമായ സമരങ്ങൾക്ക് സി പി എമ്മിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും വിഷയത്തിൽ പാർട്ടിക്ക് യാതൊരുവിധ ഉത്കണ്ഠയുമില്ലെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്തെ പുതിയ അധ്യായമെന്ന് ബേബി

വിദ്യാഭ്യാസ മന്ത്രിയുടെ രാജി രാജ്യത്തെ പ്രതിഷേധങ്ങളുടെ ചരിത്രത്തിലെ പുതിയൊരു അധ്യായമാണെന്നാണ് നേരത്തെ സി പി എം ജനറൽ സെക്രട്ടറി എം എ ബേബി അഭിപ്രായപ്പെട്ടത്. സാധാരണ പ്രതികരിക്കാത്ത ആളുകൾ പോലും വിഷയത്തിൽ ഇടപെടുകയും ജനങ്ങൾ സമരം ഏറ്റെടുക്കുകയും ചെയ്ത സാഹചര്യമാണുണ്ടായത്. അവസാന നിമിഷം വരെ വിദ്യാഭ്യാസ രംഗം കുളംതോണ്ടിയ മന്ത്രിയെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദില്ലി ഒരു യുദ്ധക്കളത്തിന് സമാനമായ സാഹചര്യത്തിലാണുള്ളതെന്നും പൊലീസിന്റെ അതിക്രമങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരത്തിലെ കോൺഗ്രസിന്റെ പങ്കിനെ കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് രാഹുൽ ഗാന്ധി സമരത്തിൽ പങ്കുചേർന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി ഇതുവരെ ജന്ദർ മന്ദറിലെ സമരവേദി സന്ദർശിച്ചിട്ടില്ലെങ്കിലും, വൈകിയാണെങ്കിലും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹം പങ്ക് വഹിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും ബേബി പറഞ്ഞു. സി ജെ പിയുടെ കാര്യത്തിൽ ഇന്ന് ഓരോ കക്ഷികളും സ്വീകരിക്കുന്ന നിലപാടുകൾ നോക്കിയാണ് പിന്തുണ തീരുമാനിക്കുന്നതെന്നും നാളെ എന്തായിരിക്കും എന്ന് ഇപ്പോൾ പറയാനാകില്ലെന്നും എം എ ബേബി വ്യക്തമാക്കി.

YouTube video player