തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാൻ കേരളം കേന്ദ്രത്തോട് സഹായം ചോദിച്ചില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. കേരളം സാമ്പത്തിക സഹായം ചോദിച്ചിട്ടില്ലെന്നാണ് താൻ പറഞ്ഞത്. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സേനയെ ആവശ്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ, മതിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനെക്കുറിച്ച് താന്‍ പറഞ്ഞതാണ് തെറ്റിദ്ധാരണയ്ക്കിടയാക്കിയതെന്നും മുരളീധരൻ വ്യക്തമാക്കി. 

സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിട്ടുണ്ടെന്നും ഇനിയും എന്തെങ്കിലും വേണമെങ്കിൽ ആവശ്യപ്പെടേണ്ടത് സംസ്ഥാന സർക്കാരാണെന്നും വി മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പുനരധിവാസം സംബന്ധിച്ച കാര്യങ്ങളിൽ കേരളത്തിന് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും വി മുരളീധരൻ പറഞ്ഞിരുന്നു. 

കേരളം മതിയെന്ന് പറയുന്നത് വരെ ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനം തുടരുമെന്ന് വ്യക്തമാക്കിയ മുരളീധരൻ, ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ആവശ്യപ്പെടുന്ന സഹായങ്ങള്‍  കേന്ദ്രത്തിൽ നിന്ന് ഉണ്ടാകുമെന്ന് ഉറപ്പ് നൽകി. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ കൂടുതൽ സഹായം സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെടുന്നതാണ് രീതിയെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി പറഞ്ഞിരുന്നു.