അനധികൃത നിലം നികത്തലിനെതിരെ നടപടി എടുത്തതിന്‍റെ പ്രതികാര നടപടിയാണ് രാധാകൃഷ്ണ പിള്ളയുടെ സ്ഥലംമാറ്റം എന്ന ആരോപണം ഉയർന്നിട്ടുണ്ട്.. ഇലക്ട്രിക് വീല്‍ ചെയറിൽ മാത്രം സഞ്ചരിക്കാൻ കഴിയുന്ന ഉദ്യോഗസ്ഥന് സ്ഥലംമാറ്റം ഏറെ ബുദ്ധിമുട്ടായിരിക്കുകയാണ്.
കൊല്ലം: ഭിന്നശേഷിക്കാരനായ വില്ലേജ് ഓഫീസറെ സ്ഥലം മാറ്റിയ തഹസില്‍ദാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍. പന്മന വില്ലേജ് ഓഫീസര്‍ രാധാകൃഷ്ണ പിള്ളയെ സ്ഥലം മാറ്റിയ നടപടിയിലാണ് ജില്ലാ കളക്ടർ റിപ്പോർട്ട് തേടിയിരിക്കുന്നത്. 90 ശതമാനവും പരിമിതിയുള്ള രാധാകൃഷ്ണ പിള്ളയുടെ വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാത്രമാണ് പന്മന വില്ലേജ് ഓഫീസിലേക്കുള്ളത്. അവിടെനിന്നും 10 കിലോമീറ്റര്‍ അകലെയുള്ള കല്ലേലി ഭാഗം വില്ലേജ് ഓഫീസിലേക്കാണ് സ്ഥലം മാറ്റിയത്. ഇലക്ട്രിക് വീല്‍ ചെയറിൽ മാത്രം സഞ്ചരിക്കാൻ കഴിയുന്ന രാധാകൃഷ്ണ പിള്ളയ്ക്ക് ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു.
ഇടപ്പള്ളിക്കോട്ട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില സ്വകാര്യ വ്യക്തികളുടെ അനധികൃത നിലം നികത്തലിനെതിരെ നടപടി എടുത്തതിന്‍റെ പ്രതികാര നടപടിയാണ് സ്ഥലംമാറ്റം എന്ന ആരോപണം ഉയർന്നിട്ടുണ്ട്. അവരുടെ ഉന്നത സ്വാധീനം ഉപയോഗിച്ച് വില്ലേജ് ഓഫീസറെ സ്ഥലം മാറ്റി എന്നാണ് ആരോപണം. മനുഷ്യത്വരഹിതമായ നടപടിയാണ് ഈ സ്ഥലംമാറ്റമെന്ന് പ്രദേശവാസികൾ അടക്കം പ്രതികരിച്ചു. പിന്നാലെ മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തു. ഇതോടെയാണ് കളക്ടർ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. 2023ല്‍ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാർഡ് ലഭിച്ച ഉദ്യോഗസ്ഥനാണ് രാധാകൃഷ്ണ പിള്ള.
