കേസിൽ ജയിലിലായ ദിലീപിന് ജാമ്യം ശരിയാക്കി നൽകാം എന്ന വാഗ്ദാനവുമായി ഒരു കേരളത്തിലെ ഒരു പ്രമുഖ നേതാവിൻ്റെ മകൻ ദിലീപിന്‍റെ സുഹൃത്തായ സംവിധായകനെ ബന്ധപ്പെട്ടെന്നും പത്ത് കോടി രൂപയാണ് നേതാവിന്‍റെ മകൻ ഡിമാൻഡ് ചെയ്തതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം ഇന്ന് വിചാരണക്കോടതിയിൽ സമർപ്പിക്കും. സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടത്തുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്‍റെ പക്കൽ എത്തിയെന്ന വെളിപ്പെടുത്തൽ കേന്ദ്രീകരിച്ചാണ് അന്വേഷണം. അന്വേഷണ പുരോഗതി റിപ്പോർടിനൊപ്പം വിസ്താര നടപടികൾ ദീർഘിപ്പിക്കാൻ വിചാരണക്കോടതി തന്നെ സുപ്രീംകോടതിയെ സമീപിക്കണമെന്ന ആവശ്യവും പ്രോസിക്യൂഷൻ ഉന്നയിക്കും.
ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിന്‍റെ പക്കലുളള ദൃശ്യങ്ങൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയും പരിഗണിക്കുന്നുണ്ട്. നേരത്തെ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഡിവൈഎസ്പിയുടെ പക്കലുണ്ടെന്ന് ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു. ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബൈജു പൗലോസ്. ഈ ദൃശ്യങ്ങൾ ദുരുപയോഗപ്പെടുത്താനും മറ്റുള്ളവരുടെ കൈകളിൽ എത്താനും സാധ്യതയുണ്ടെന്നും, അതിനാൽ ഉടൻ ഇത് കോടതിക്ക് കൈമാറാൻ ഡിവൈഎസ്പിയോട് നിർദേശിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ഗുരുതര ആരോപണങ്ങളുന്നയിച്ച് സംവിധായകൻ ബൈജു കൊട്ടാരക്കര രംഗത്തെത്തി. കേസിൽ ജയിലിലായ ദിലീപിന് ജാമ്യം ശരിയാക്കി നൽകാം എന്ന വാഗ്ദാനവുമായി ഒരു കേരളത്തിലെ ഒരു പ്രമുഖ നേതാവിൻ്റെ മകൻ ദിലീപിന്‍റെ സുഹൃത്തായ സംവിധായകനെ ബന്ധപ്പെട്ടെന്നും പത്ത് കോടി രൂപയാണ് നേതാവിന്‍റെ മകൻ ഡിമാൻഡ് ചെയ്തതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. കേസ് ഒതുക്കാനായി മലപ്പുറം വേങ്ങരയിലെ ഒരു നേതാവിൻ്റെ വീട്ടിലെത്തി ദിലീപും കാവ്യയും കൂടി 50 ലക്ഷം രൂപ കൊടുത്തുവെന്നും ബൈജു ഏഷ്യാനെറ്റ് ന്യൂസിൻ്റെ ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു.
ബൈജു കൊട്ടാരക്കരയുടെ വാക്കുകൾ
2017 സെപ്തംബർ 21-ന് അനൂപും സുരാജും മലപ്പുറം വേങ്ങരയിലെത്തി. സംസ്ഥാനത്തെ ഒരു പ്രമുഖ പാർട്ടിയുടെ യുവജനേതാവിനെ കാണാനാണ് അവർ പോയത്. തിരുവനന്തപുരത്തുള്ള ദിലീപിനെ ന്യായീകരിച്ചു സംസാരിക്കുന്ന ഒരാളുടെ ഇടപെടലിലാണ് നേതാവിനെ കാണാൻ അവസരമൊരുങ്ങിയത്. ഒരു ഡീലുറപ്പിക്കാൻ വേണ്ടിയാണ് അവർ പോയത്. അഞ്ച് കോടി രൂപയുടെ ഒരു ഇടപാടായിരുന്നു അത്. കാര്യങ്ങളെല്ലാം തങ്ങൾ കൈകാര്യം ചെയ്തോളാം എന്ന ഉറപ്പ് അന്ന് അയാളിൽ നിന്നും അവർക്ക് കിട്ടി. പിന്നീട് ജയിലിൽ നിന്നും ദിലീപ് ഇറങ്ങിയ ശേഷം അപ്പുണി ഓടിച്ച കാറിൽ ദിലീപും കാവ്യയും വേങ്ങരയിലെത്തി അൻപത് ലക്ഷം രൂപ ഈ നേതാവിന് നൽകി. ഈ കൂടിക്കാഴ്ചയുടെ ഫോട്ടോകൾ ദിലീപിൻ്റെ കൈവശമുണ്ട്. ബാക്കി പണം ദില്ലിയിൽ എത്തിക്കാം എന്നായിരുന്നു ദിലീപ് നേതാവിന് നൽകിയ ഉറപ്പ്. ഈ സമയത്ത് ദിലീപ് അഭിനയിച്ച മൈ സാൻ്റാ എന്ന ചിത്രത്തിൽ ദിലിപീന് കിട്ടേണ്ട പ്രതിഫലത്തിൻ്റെ ബാലൻസ് തുക മൂന്നര കോടി ദില്ലിയിലാണ് കൊടുത്തത്. ഇങ്ങനെ പല കളികളും ഇതിലുണ്ട്.
2017- ഒക്ടോബറിൽ ദിലീപ് ജയിലിൽ കിടക്കുന്ന സമയത്ത് ഒരു പ്രമുഖ രാഷ്ട്രീയ നേതാവിൻ്റെ മകൻ ദിലീപിൻ്റെ സുഹൃത്തായ ഒരു സംവിധായകനെ വിളിച്ചു. ദിലീപിനെ ജയിലിൽ നിന്നും ജാമ്യത്തിലിറക്കുന്ന കാര്യം തങ്ങളേറ്റെന്നും പകരം പത്ത് കോടി നൽകണമെന്നും അയാൾ സംവിധായകനോട് പറഞ്ഞു. എന്നാൽ ഈ സംവിധായകൻ നേതാവിൻ്റെ മകനോട് ക്ഷുഭിതനായി ഫോൺ വച്ചു.
