രേഖകൾ പൊലീസിന്റെ കൈവശം ഉണ്ടന്നു ഡോക്ടർ പറയുമ്പോൾ ആ തെളിവിന് പ്രസക്തിയില്ല, കോടതിക്ക് നൽകുന്ന മൊഴിയാണ് ഇനി പ്രധാനമെന്നു സൂരജ് മറുപടി നൽകുന്നു.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന മൊബൈൽ ഫോണ്‍ സംഭാഷണം പുറത്ത്. ഡോക്ടർ ഹൈദരലിയും ദിലീപിന്‍റെ സഹോദരി ഭർത്താവ് സൂരജും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ദിലീപിന് അനുകൂലമായി മൊഴി നൽകാൻ സൂരജ് ഡോക്ടറിനോട് ആവശ്യപ്പെടുന്നതാണ് സംഭാഷണം. നടി ആക്രമിക്കപ്പെടുമ്പോൾ ആലുവയിലെ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപിന്‍റെ വാദം. ഇങ്ങനെയായിരുന്നു ആദ്യം ദിലീപ് മൊഴി നൽകിയിരുന്നത്. എന്നാലിത് തെറ്റാണെന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെത്തി. ദിലീപ് അഡ്മിറ്റ് ആയിരുന്നില്ലെന്ന് ഡോക്ടർ ഹൈദരലി ആദ്യം മൊഴി നൽകിയിരുന്നു. ഈ മൊഴി തിരുത്താനാണ് ആവശ്യപ്പെടുന്നത്.
രേഖകൾ പൊലീസിന്റെ കൈവശം ഉണ്ടന്നു ഡോക്ടർ പറയുമ്പോൾ ആ തെളിവിന് പ്രസക്തിയില്ല, കോടതിക്ക് നൽകുന്ന മൊഴിയാണ് ഇനി പ്രധാനമെന്നു സൂരജ് മറുപടി നൽകുന്നു. പ്രശ്നങ്ങളൊന്നുമില്ലാതെ വക്കീൽ നോക്കുമെന്നും ഡോക്ടർ വക്കീൽ പഠിപ്പിക്കുന്നതപോലെ പറഞ്ഞാൽ മതിയെന്നും സംഭാഷണത്തിലുണ്ട്. പ്രോസിക്യൂഷൻ സാക്ഷിയായ ഡോക്ടർ പിന്നീട് കൂറ് മാറി ദിലീപിന് അനുകൂലമായി മൊഴി നൽകിയിരുന്നു.
ദീലിപീനെതിരെ വൻ വെളിപ്പെടുത്തൽ; രേഖകൾ നശിപ്പിച്ചത് നടന്റെ സാന്നിധ്യത്തിൽ, വക്കീൽ ആവശ്യപ്പെട്ടിട്ട്: സായ് ശങ്കർ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തെളിവുകൾ ദിലീപിന്റെന ഫോണിൽ നിന്ന് നശിപ്പിച്ചെന്ന് വ്യക്തമാക്കി ഹാക്കർ സായ് ശങ്കർ. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താൻ നശിപ്പിച്ച തെളിവുകളിൽ കോടതി രേഖകകളുമുണ്ടെന്നും കോടതി സീലുളളതും ഇല്ലാത്തതുമായ രേഖകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തെളിവുകൾ നശിപ്പിക്കാനെന്ന് പറഞ്ഞല്ല തന്നെ വിളിച്ചത്. അഭിഭാഷകന്റെ ഓഫീസിൽ എത്തിയപ്പോഴാണ് ഇക്കാര്യം മനസിലായത്. രണ്ട് ഫോണുകളിലെ തെളിവുകളാണ് താൻ നശിപ്പിച്ചത്. ഇതൊരിക്കലും പുറത്തുവരരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ തന്നോട് പറഞ്ഞു. അഡ്വ. ഫിലിപ് ടി വർഗീസാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തെളിവുകൾ നീക്കം ചെയ്യുമ്പോൾ ദിലീപും ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. തെളിവ് നശിപ്പിച്ചതിന് തനിക്ക് കാര്യമായി പണം തന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സായ് ശങ്കർ പറഞ്ഞു. മുഴുവൻ കാര്യങ്ങളും കോടതിയിൽ തുറന്നു പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
