കൊച്ചി: പ്രവാസി മലയാളികളുടെ ദീർഘകാല ആവശ്യമായ നേരിട്ടുള്ള യൂറോപ്യന്‍ സർവീസിന് തുടക്കമായി. ലണ്ടനിൽ നിന്നാണ് നേരിട്ടുള്ള ആദ്യ യാത്രാവിമാനം കൊച്ചിയിലെത്തിയത്. യൂറോപ്യൻ യാത്രാ സൗകര്യം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇത്തരം സർവീസുകൾക്ക് ലാൻഡിങ് ഫീ ഒഴിവാക്കുകയാണെന്ന് സിയാൽ അറിയിച്ചു.

എ ഐ 1186 വിമാനം. 130 യാത്രക്കാർ.ലണ്ടനിൽ നിന്ന് ഒൻപതര മണിക്കൂർ പറന്ന് എത്തിയ എയർ ഇന്ത്യ വിമാനത്തിന് ജലാഭിവാദ്യം നൽകിയാണ് കൊച്ചി വിമാനത്താവളം വരവേറ്റത്. പ്രവാസികൾ ഏറെ നാളായി ആവശ്യപ്പെടുന്ന കാര്യമാണിത്. ഒരു വർഷത്തേക്ക് യൂറോപ്പിൽ നിന്ന് നേരിട്ട് സർവ്വീസ് നടത്തുന്ന വിമാനങ്ങൾക്ക് ലാൻഡിംഗ് ഫീ ഒഴിവാക്കാനാണ് സിയാലിന്‍‍റെ തീരുമാനം. 

ലാൻഡിങ് ചാർജിൽ ഇളവ് കിട്ടുന്നതോടെ കൂടുതൽ വിമാന കമ്പനികൾ യൂറോപ്പിലേയ്ക്ക് നേരിട്ട് യാത്രാസൗകര്യം ഒരുക്കുമെന്നാണ് പ്രതീക്ഷ. ടിക്കറ്റ് ചാർജ് കുറയാനും സാധ്യതയുണ്ട്. വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായി സെപ്റ്റംബർ 27 വരെയുള്ള ലണ്ടൻ-കൊച്ചി-ലണ്ടൻ സർവീസുകളുടെ സമയപ്പട്ടിക ക്രമീകരിച്ചിട്ടുണ്ട്. 

വെള്ളി, ഞായർ ദിവസങ്ങളിലാണ് ഈ സർവീസ്.രണ്ട് സർവ്വീസുകളും തിരികെ യാത്രക്കാരുമായി അന്നേ ദിവസം തന്നെ മടങ്ങും. എയർ ഇന്ത്യ ലണ്ടനിൽ നിന്ന് മുംബൈ വഴി കൊച്ചിയിലേയ്ക്ക് തുടർച്ചയായി സർവീസുകൾ നടത്തുന്നുണ്ട്. ഇതാദ്യമായാണ് ലണ്ടനിൽ നിന്ന് നേരിട്ടുള്ള സർവീസ്.