രവിശങ്കര്‍ പ്രസാദില്‍നിന്ന് അംഗത്വം സ്വീകരിച്ച ടോം വടക്കന്‍ അദ്ദേഹത്തിനൊപ്പം എടുത്ത ചിത്രം പങ്കുവച്ച് 'നിരാശപ്പെടുത്തുന്ന ചിത്രം' എന്നും ആഷിഖ് അബു

കൊച്ചി: കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിനോട് പ്രതികരിച്ച് സംവിധായകന്‍ ആഷിഖ് അബു. കോൺഗ്രസ്സ് തകരരുതെന്ന് ആഗ്രഹിക്കുന്നുവെന്നാണ് ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചത്. രവിശങ്കര്‍ പ്രസാദില്‍നിന്ന് അംഗത്വം സ്വീകരിച്ച ടോം വടക്കന്‍ അദ്ദേഹത്തിനൊപ്പം എടുത്ത ചിത്രം പങ്കുവച്ച് 'നിരാശപ്പെടുത്തുന്ന ചിത്രം' എന്നും ആഷഖ് അബു പറഞ്ഞു.

കുടുംബാധിപത്യം മടുപ്പിക്കുന്നു എന്നൊരോപിച്ചാണ് സോണിയാ ഗാന്ധിയുടെ അടുത്ത അനുയായികൂടിയായിരുന്ന ടോം വടക്കൻ കോൺഗ്രസ് വിടുന്നത്. കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിൽ നിന്നാണ് ടോം വടക്കൻ അംഗത്വം സ്വീകരിച്ചത്. പുൽവാമ വിഷയത്തിലടക്കം കോൺഗ്രസെടുത്ത നിലപാടിലും അതൃപ്തിയുണ്ടെന്നാണ് ടോം വടക്കൻ പറയുന്നത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നൽകുന്നു എന്നും അധികാര കേന്ദ്രം ആരാണെന്ന് അറിയാത്ത അവസ്ഥയാണ് കോൺഗ്രസിന് ഇപ്പോഴുള്ളതെന്നും ബിജെപി അംഗത്വം സ്വീകരിച്ചുകൊണ്ട് ടോം വടക്കൻ പറഞ്ഞു. നിരുപാധിക പിന്തുണയാണ് ബിജെപിക്ക് നല്‍കുന്നതെന്നും ടോം വടക്കന്‍ കൂട്ടിച്ചേര്‍ത്തു. 

ഉപയോഗിച്ച് വലിച്ചെറിയുന്ന രീതിയാണ് എപ്പോഴും കോണഗ്രസിന് ഉള്ളതെന്നും ടോം വടക്കൻ ആരോപിച്ചു. മോദിയുടെ വികസന നിലപാടുകളിൽ ആകൃഷ്ടനാണ് താനെന്ന് പറഞ്ഞ ടോം വടക്കൻ അംഗത്വം അനുവദിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കും നന്ദിയും പറയുന്നുണ്ട്.