മേയറുടെ കാറിൽ കോൺ​ഗ്രസ് കൗൺസിലർമാർ ചെളിവെള്ളം ഒഴിച്ചു. പ്രതിഷേധിച്ചവരെ മേയർ കാറിടിച്ച് കൊല്ലാൻ നോക്കിയതായി കൗൺസിലർമാർ ആരോപിക്കുന്നു. 

തൃശ്ശൂർ: കുടിവെള്ളത്തിന് പകരം ചെളിവെള്ളം വിതരണം ചെയ്തെന്നാരോപിച്ച് തൃശ്ശൂർ കോർപ്പറേഷനിൽ (Thrissur Corporation) പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധം. മേയറുടെ കാറിൽ കോൺ​ഗ്രസ് കൗൺസിലർമാർ ചെളിവെള്ളം ഒഴിച്ചു. പ്രതിഷേധിച്ചവരെ മേയർ കാറിടിച്ച് കൊല്ലാൻ നോക്കിയതായി കൗൺസിലർമാർ ആരോപിക്കുന്നു. 

ഒരു മണിക്കൂറിലധികമായി മേയറുടെ ചേമ്പറിലും കൗൺസിൽ ഹാളിലുമായി അതിനാടകീയ സംഭവങ്ങൾ അരങ്ങേറുകയാണ്. വൈകുന്നേരം നാല് മണിക്കാണ് കൗൺസിൽ യോ​ഗം ചേരാനിരുന്നത്. ഇതിനായി മേയർ സ്ഥലത്തെത്തി. ഈ സമയത്ത് കൗൺസിലർമാർ മേയറുടെ കോലവുമായാണ് എത്തിയത്. കോലത്തിൽ ചെളിവെള്ളം ഒഴിക്കാനായിരുന്നു പദ്ധതി. ഇതറിഞ്ഞ മേയർ കോർപ്പറേഷൻ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി. കോൺ​ഗ്രസ് കൗൺസിലർമാർ വിടാതെ മേയറെ പിന്തുടർന്നു. തുടർന്ന് മേയറുടെ ചേമ്പറിന് മുന്നിൽ പ്രതിഷേധം തുടങ്ങി. തുടർന്ന് കൗൺസിലർമാർ കാറിന് മുന്നിൽ മേയറെ തടയുകയായിരുന്നു. കാർ മുന്നോട്ടെടുത്തപ്പോൾ‌ ഒരു കൗൺസിലർക്ക് പരിക്കേറ്റു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇപ്പോൾ യുഡിഎഫ് കൗൺസിലർമാർ മേയറുടെ ചേമ്പറിൽ കുത്തിയിരുന്നും കിടന്നും പ്രതിഷേധിക്കുകയാണ്. മേയർ ഇവിടേക്ക് തിരിച്ചുവരണമെന്നും മാപ്പ് പറയണമെന്നുമാണ് ഇപ്പോൾ ഇവരുടെ പ്രധാന ആവശ്യം. 

ഇവരുടെ കയ്യിലുള്ള കുപ്പികളിലുള്ളതുപോലെ കലക്കവെള്ളമാണ് 55 ഡിവിഷനുകളിലും കുടിവെള്ളമായി വിതരണം ചെയ്യുന്നതെന്നാണ് കൗൺസിലർമാർ ആരോപിക്കുന്നത്. 

YouTube video player