മുസ്ലീം വിഭാഗത്തിനോ മറ്റേതെങ്കിലും മതവിഭാഗത്തിനോ നിലവിലുള്ള സംവരണത്തിൽ ഒരു കുറവും വരാത്ത രീതിയിലായിരിക്കും ഭിന്നശേഷി സംവരണം നടപ്പാക്കൂവെന്ന് നിയമസഭയിൽ മന്ത്രി പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം: ഭിന്നശേഷി സംവരണം മറ്റു മതവിഭാഗങ്ങളുടെ സംവരണത്തെ ബാധിക്കില്ലെന്ന് മന്ത്രി ഡോ. ആർ ബിന്ദു. മുസ്ലീം വിഭാഗത്തിനോ മറ്റേതെങ്കിലും മതവിഭാഗത്തിനോ നിലവിലുള്ള സംവരണത്തിൽ ഒരു കുറവും വരാത്ത രീതിയിലായിരിക്കും ഭിന്നശേഷി സംവരണം നടപ്പാക്കൂവെന്ന് നിയമസഭയിൽ മന്ത്രി പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഭിന്നശേഷിക്കാർക്ക് സംവരണം നൽകുമ്പോൾ ഏതെങ്കിലും വിഭാഗത്തിന് സംവരണം കുറവ് വരുത്തുമെന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണ്. ഇക്കാര്യത്തിൽ ഒരു സംവരണ വിഭാഗത്തിനും ആശങ്ക ഉണ്ടാകേണ്ടതില്ല. ഇതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നിലവിൽ നാലു ശതമാനം ഭിന്നശേഷിസംവരണം ഔട്ട് ഓഫ് ടേൺ ആയാണ് പബ്ലിക് സർവ്വീസ് കമ്മിഷൻ നടപ്പാക്കുന്നത്. നിലവിലുള്ള സാമുദായിക സംവരണത്തെ ഇത് ബാധിക്കുന്നില്ല. സുപ്രീംകോടതി വിധിപ്രകാരം ഭിന്നശേഷി സംവരണം ഇൻ-ടേൺ ആയി നടപ്പാക്കേണ്ടതുണ്ട്. ഇതിന് കേരള സ്റ്റേറ്റ് ആന്റ് സബോർഡിനേറ്റ് സർവ്വീസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാലേ കഴിയൂ. ഇക്കാര്യം പി.എസ്.സിയും സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്, നിയമവകുപ്പ് എന്നീ വകുപ്പുകളുമായി കൂടിയാലോചനകൾ നടത്തിയശേഷം പി.എസ്.സിയുടെ ഉപദേശം തേടിയിരിക്കുകയാണ്. ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ ചട്ടഭേദഗതി പ്രാബല്യത്തിൽ വരും. ഈ വിഷയത്തില്‍ നിലവിലുള്ള എക്സിക്യൂട്ടീവ് ഉത്തരവിന് പിന്നെ പ്രസക്തിയുണ്ടാകില്ല. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ വ്യക്തതയുണ്ടാക്കുന്നതിന് നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
