കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയിലും ഉരുള്‍പൊട്ടലിലും നാശനഷ്ടമുണ്ടായ 1038 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചുകൊണ്ട് ദുരിതാശ്വസ കമ്മീഷണര്‍ ഉത്തരവിറക്കി. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലെ വില്ലേജുകളാണ് പട്ടികയിലുള്ളത്. 

ഓ​ഗസ്റ്റ് എട്ട് മുതല്‍ ഒരാഴ്ച പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തെ 13 ജില്ലകളിലാണ് നാശനഷ്ടമുണ്ടായത്. ജില്ലാ കളക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ദുരന്തബാധിത വില്ലേജുകള്‍ ഏതൊക്കെയെന്ന് പ്രഖ്യാപിച്ചത്. മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവന്‍ വില്ലേജുകളേയും ദുരന്തബാധിതമായി പ്രഖ്യാപിച്ചു. തൃശ്ശൂരില്‍ 215ഉം, പാലക്കാട് 124ഉം , കോഴിക്കോട് 115ഉം വില്ലേജുകള്‍ പട്ടികയിലുണ്ട്. 

കൊല്ലത്താണ് ഏറ്റവും കുറവ് ദുരന്തബാധിത വില്ലേജുകളുള്ളത്. 5 എണ്ണം. മഴ കാര്യമായ നാശനഷ്ടമുണ്ടാക്കാത്തതിനാല്‍ തിരുവനന്തപുരം ജില്ലയിലെ ഒരു വില്ലേജു പോലും ദുരന്തബാധിത പ്രദേശത്തിന്‍റെ പട്ടികയില്‍ ഉള്‍പ്പെട്ടില്ല. ബാങ്കുകളുടെ വായ്പ മൊറട്ടോറിയം പ്രഖ്യാപനത്തിന് പ്രധാന മാനദണ്ഡമായി കണക്കാക്കുന്നത് ദുരന്തബാധിതപ്രദേശങ്ങളുടെ ഈ പട്ടികയാണ്. കേന്ദ്ര സഹായത്തിനുള്ള സംസ്ഥാനത്തിന്‍റെ അപേക്ഷ തയ്യാറാക്കുന്നതും ഇതനുസരിച്ചാണ്. 

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനു ശേശം 1264 വില്ലേജുകളെയാണ് ദുരന്തബാധിത പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മൂന്നു തവണ ആയിട്ടാണ് കഴിഞ്ഞ വര്‍ഷം പട്ടിക തയ്യാറാക്കിയത്. എന്നാല്‍ ഈ വര്‍ഷം ഒറ്റത്തവണയായി തന്നെ പട്ടിക പുറത്തിറക്കുകയായിരുന്നു. അതേസമയം, പ്രളയത്തില്‍ അകപ്പെട്ട കുടുംബങ്ങള്‍ക്കുള്ള അടിയന്തര സഹായ വിതരണത്തിനുളള മാനദണ്ഡവും നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
 
പ്രളയജലം പ്രവേശിച്ച വീടുകളില്‍ കഴിഞ്ഞവര്‍ക്കും, പൂര്‍ണ്ണമായോ ഭാഗികമായോ വീട് നഷ്ടപ്പെട്ടവര്‍ക്കും അടിയന്തരസഹായം കിട്ടും. മുന്നറിയിപ്പ് അനുസരിച്ച് സര്‍ക്കാര്‍ ക്യാംപുകളില്‍ കഴിഞ്ഞവര്‍ക്കും, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ കഞ്ഞിപ്പുരകളില്‍ രജിസ്റ്റർ ചെയ്തവര്‍ക്കും അടിയന്തര സഹായത്തിന് അര്‍ഹതയുണ്ടെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.