കൊച്ചി: കാലടി സർവകലാശാല വൈസ് ചാൻസലർക്കെതിരെ പരാതിയുമായി രംഗത്തെത്തിയ വകുപ്പ് അധ്യക്ഷനെതിരെ അച്ചടക്ക നടപടി. ഡോ. പി വി നാരായണനെ സംസ്കൃത സാഹിത്യ വിഭാഗം മേധാവി സ്ഥാനത്ത് നിന്ന് മാറ്റി. ഡിപ്പാർട്ട്മെന്‍റിലെ സീനിയർ അധ്യാപിക കെ ആർ അംബികയ്ക്കാണ് പകരം ചുമതല. സിൻഡിക്കേറ്റ് തീരുമാനം അനുസരിക്കാത്തതിനാലാണ് നടപടി. 

എസ്എഫ്ഐ നേതാക്കൾക്ക് വേണ്ടി വൈസ് ചാൻസലറുമായി ചേർന്ന് പിഎച്ച്ഡി പ്രവേശനം അട്ടിമറിച്ചെന്നായിരുന്നു പരാതി. സർവകലാശാലയ്ക്ക് താത്പര്യമുള്ളവരെ ലിസ്റ്റിൽ ഉൾപ്പെടുത്താതിന് ഭീഷണി നേരിടുന്നതായി പി വി നാരായണൻ രജിസ്റ്റാർക്ക് അയച്ച കത്തിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു.

സിൻഡിക്കേറ്റ് തീരുമാന പ്രകാരം റിസർച്ച് കമ്മിറ്റി തയ്യാറാക്കിയ ഷോർട്ട് ലിസ്റ്റ് തിരുത്തി നൽകാൻ വിസി വകുപ്പധ്യക്ഷനോട് ആവശ്യപ്പെടുകയായിരുന്നു. വകുപ്പ് അധ്യക്ഷൻ ഇത് അനുസരിക്കാത്തതിനാലാണ് നടപടി. പി വി നാരായണനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ മൂന്ന് ദിവസമായി ഉപവാസ സമരത്തിലായിരുന്നു.