Asianet News MalayalamAsianet News Malayalam

പ്രളയ ബാധിതരായ പിന്നോക്ക വിഭാഗങ്ങള്‍ വിവേചനം നേരിട്ടെന്ന് റിപ്പോര്‍ട്ട്

എസ്‍സി എസ്ടി ദളിത് ക്രിസ്റ്റ്യന്‍ വിഭാഗങ്ങള്‍ പ്രളയകാലത്തും അനന്തരവും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നടക്കം കടുത്ത വിവേചനം നേരിട്ടതായി സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ട്. 

discrimination in Kerala flood relief Study
Author
Kerala, First Published Mar 9, 2019, 3:50 PM IST

തിരുവനന്തപുരം: എസ്‍സി എസ്ടി ദളിത് ക്രിസ്റ്റ്യന്‍ വിഭാഗങ്ങള്‍ പ്രളയകാലത്തും അനന്തരവും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നടക്കം കടുത്ത വിവേചനം നേരിട്ടതായി സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ട്. ദളിത് അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തിര സഹായമായ 10000 രൂപ വിതരണം ചെയ്തതിന്‍റെ താരതമ്യം ഞെട്ടിക്കുന്നതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ജനറല്‍, ഒബിസി വിഭാഗങ്ങള്‍ക്ക് 83.90 ശതമാനം മുതല്‍ 88.93 ശതമാനം വരെ അടിയന്തിര സഹായധനം ലഭിച്ചപ്പോള്‍ ആദിവാസി  ദളിത് ക്രിസ്റ്റ്യന്‍ വിഭാഗങ്ങള്‍ക്ക് 61.92 ശതമാനം മുതല്‍ 67.68 ശതമാനം വരെയാണ് അടിയന്തിര സഹായം ലഭിച്ചത്. ആനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡം അവസാന നിമിഷം മാറ്റിയതിലൂടെ വലിയൊരു വിഭാഗം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

ആദ്യ ഘട്ടത്തില്‍ ദുരിതാശ്വാസ ക്യാംമ്പുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവര്‍ക്കെല്ലാം സഹായം ലഭിക്കുമെന്ന് പറഞ്ഞെങ്കിലും പിന്നീട് വീട് നഷ്ടപ്പെട്ടവര്‍ക്ക് മാത്രമായി അടിയന്തിര സഹായം ചുരുക്കി നിശ്ചയിക്കുകയായിരുന്നു. ഇടുക്കി ജില്ലയില്‍ ഇത്തരത്തില്‍ അടിയന്തിര സഹായം ലഭിച്ചത് 2.08 ശതമാന ആദിവാസികള്‍ക്കാണെങ്കില്‍ 1.64 ദളിത് ക്രിസ്റ്റ്യന്‍സിന് മാത്രമാണ് അടിയന്തിര ധനസഹായമായ 10000 രൂപ ലഭിച്ചതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 

ക്രിസ്റ്റ്യന്‍ എയ്ഡിന്‍റെയും യുകെ ആന്‍ഡ് ഓക്സ്ഫാം ഇന്ത്യയുടെയും സഹായത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് വ്യാഴാഴ്ച കൈമാറിയതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഈ വിഭാഗങ്ങള്‍ക്ക് നീതിയുക്തമായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും പ്രത്യേക സഹായധനം നല്‍കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.

പ്രളയകാലത്തും പ്രത്യേക വിഭാഗങ്ങള്‍ക്ക് പരിഗണന ലഭിച്ചുവെന്ന് പഠനവിധേയരായവരില്‍ 20.57 ശതമാനം പേരും പറയുന്നു. 37.28 ശതമാനം പ്രളയകാലത്ത് വിവേചനപരമായ പെരുമാറ്റം നേരിടേണ്ടി വന്നുവെന്ന് വ്യക്തമാക്കുന്നു. എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന  ഇടങ്ങളിലാണ് രക്ഷാപ്രവര്‍ത്തനം ഭംഗിയായി നടന്നതെന്നും ഇത്തരത്തിലുള്ള പ്രദേശങ്ങളില്‍ ഉയര്‍ന്ന വിഭാഗങ്ങളിലുള്ളവരാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

Follow Us:
Download App:
  • android
  • ios