തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തിൽ ആരോഗ്യപ്രവര്‍ത്തകരെ സസ്പെന്‍റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം തണുപ്പിക്കാൻ സർക്കാർ നീക്കം. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഉൾപ്പടെ സർവീസ് സംഘടനകളുമായി ആരോഗ്യ മന്ത്രി ചർച്ച നടത്തും. ഇന്ന് രാത്രി 8ന് ആണ് ചർച്ച. സർക്കാർ നടപടിയിൽ ഭരണപക്ഷ സംഘടനയായ കെജിഒഎ രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്നാണ് അടിയന്തര ചർച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. 

മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ  നോഡൽ ഓഫിസർ ഡോ.അരുണ,ഹെഡ് നഴ്സുമാരായ ലീന കുഞ്ചൻ , രജനി കെ വി എന്നിവരെ ആണ് ആരോഗ്യ വകുപ്പ് സസ്‌പെൻഡ് ചെയ്തത്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പ്രാഥമിക അന്വേഷണത്തെ തുടർന്നായിരുന്നു നടപടി. സസ്പെന്‍ഷന് പിന്നാലെ ഡോക്ടർമാരും നഴ്സുമാരും ഒന്നിച്ച് റോഡിൽ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. 

സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ നാളെ റിലേ സത്യാഗ്രഹം നടത്താനാണ് തീരുമാനം. അടുത്തഘട്ടമായി കൊവിഡ് ഡ്യൂട്ടി ഒഴികെയുളളവ ബഹിഷ്കരിച്ച് കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും ഡോക്ടർമാര്‍ പറയുന്നു. ജീവനക്കാരുടെ കുറവ് നികത്താൻ നടപടി എടുക്കാത്ത സർക്കാർ ആണ് ഇത്തരം സംഭവങ്ങൾക്ക് ഉത്തരവാദി എന്നാണ് ഡോക്ടർമാരുടെ നിലപാട്.