Asianet News MalayalamAsianet News Malayalam

സുപ്രീംകോടതി സമിതിയുമായി സഹകരിക്കണമെന്ന് സർക്കാർ; നിയമം പിൻവലിക്കണമെന്ന് കർഷകർ

നിയമം പിൻവലിച്ച് സമിതിയുണ്ടാക്കണമെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടു. സമരത്തിന് ഖാലിസ്ഥാൻ ഗ്രൂപ്പുകളുടെ പിന്തുണയെന്ന സർക്കാർ നിലപാടിൽ സംഘടനകൾ പ്രതിഷേധം അറിയിച്ചു.

discussion with farm laws protesting farmers and central govt
Author
Delhi, First Published Jan 15, 2021, 2:19 PM IST

ദില്ലി: കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യവുമായി സമരം ചെയ്യുന്ന കർഷകരോട് സുപ്രീംകോടതി സമിതിയുമായി സഹകരിക്കണമെന്ന് കേന്ദ്ര സർക്കാർ. എന്നാൽ, നിയമം പിൻവലിച്ച് സമിതിയുണ്ടാക്കണമെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടു. സമരത്തിന് ഖാലിസ്ഥാൻ ഗ്രൂപ്പുകളുടെ പിന്തുണയെന്ന സർക്കാർ നിലപാടിൽ സംഘടനകൾ പ്രതിഷേധം അറിയിച്ചു.

കർഷക സമരത്തിൽ ഇടപെടാൻ വിദഗ്ധ സമിതിയെ സുപ്രീംകോടതി നിയമിച്ച ശേഷം നടക്കുന്ന ആദ്യ ചർച്ചയാണ് ഇന്ന് നടക്കുന്നത്. ഇതിനിടെ, കേരളത്തിൽ നിന്ന് കിസാൻ സഭയുടെ നേതൃത്വത്തിൽ എത്തിയ അഞ്ഞൂറോളം കർഷകർ ഇന്ന് രാജസ്ഥാൻ അതിർത്തിയായ ഷാജഹാൻപൂരിലെ കർഷക സമരത്തിൽ പങ്കെടുക്കും. അതേസമയം, കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമങ്ങൾ പഠിച്ച് നിർദ്ദേശം നൽകാൻ സുപ്രീംകോടതി രൂപീകരിച്ച നാലംഗ സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മാൻ പിൻമാറി. ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്‍റായ ഭുപീന്ദർ സിംഗ് മാൻ നേരത്തേ നിയമ ഭേദഗതിയെ അനുകൂലിച്ച് നിലപാടെടുത്തയാളാണ്. 

ഭൂപിന്ദർ സിംഗിന് പുറമേ മഹാരാഷ്ട്രയിലെ കർഷക നേതാവ് അനിൽ ഖനാവത്ത്, വിദഗ്ധരായ അശോക് ഗുലാത്തി, പ്രമോദ് കുമാർ ജോഷി എന്നിവരടങ്ങുന്നതാണ് സുപ്രീംകോടതി രൂപീകരിച്ച സമിതി. കർഷകരുടെയും പൊതുസമൂഹത്തിന്റെയും വികാരം കണക്കിലെടുത്താണ് പിൻമാറാൻ തീരുമാനിച്ചതെന്ന് ഭുപീന്ദർ സിംഗ് മാൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. സുപ്രീംകോടതി രൂപീകരിച്ച സമിതിയുമായി സഹകരിക്കില്ലെന്നും നിയമം പിൻലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും കർഷകർ വിധി വന്നതിന് പിന്നാലെ തന്നെ വ്യക്തമാക്കിയിരുന്നു. നാലംഗ സമിതി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കോടതി നിർദ്ദേശം.

സമിതിയുടെ ആദ്യ യോഗം പത്ത് ദിവസത്തിൽ ചേരണമെന്നും നിർദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് സമിതിയിലെ ഒരംഗം പിൻമാറുന്നത്. സുപ്രീം കോടതി നിയമിച്ച സമിതിയുമായി സഹകരിക്കില്ലെന്നുള്ള നിലപാടില്‍ തന്നെയാണ് കര്‍ഷകര്‍. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ പരേഡിലും മാറ്റമില്ലെന്ന് കർഷകർ വ്യക്തമാക്കിയിരുന്നു. നിയമത്തെ അനുകൂലിക്കുന്നവരാണ് വിദഗ്ധ സമിതിയിലെന്നും ഇതിന് പിന്നിൽ കേന്ദ്ര സര്‍ക്കാരാണെന്നും കർഷക സംഘടനകൾ അഭിപ്രായപ്പെട്ടു. ഒരു സമിതിക്ക് മുമ്പാകെയും ഹാജരാകില്ലെന്നും സമരം ശക്തമായി തുടരാനും തീരുമാനിച്ചതായി പഞ്ചാബിലെ കർഷക സംഘടനകൾ പറഞ്ഞു. 

18-ാം തിയതി  വനിതകളെ അണിനിരത്തിയുള്ള രാജ്യ വ്യാപക പ്രതിഷേധവും റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡും നടത്തുവാനാണ് കർഷകരുടെ തീരുമാനം. ട്രാക്റ്റർ പരേഡ് നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ദില്ലി പൊലീസ് നൽകിയ ഹർജിയിൽ സുപ്രിംകോടതി കർഷക സംഘടനകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

താൽകാലികമായ നീക്കങ്ങൾ കൊണ്ട് സമരം തീരില്ലെന്നും വേണ്ടത് ശാശ്വത പരിഹാരമാണെന്നും നിയമങ്ങൾ പിൻവലിക്കണമെന്നും സംഘടനാ നേതാക്കൾ പറയുന്നു. നിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സുപ്രീംകോടതി നടപടി സ്വാഗതം ചെയ്യുമ്പോഴും സുപ്രീംകോടതി നിയോഗിച്ച സമിതിയിൽ സ്വതന്ത്ര നിലപാടുള്ള ആരും ഇല്ലെന്നതാണ് പ്രധാന വിമർശനമായി ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ന് വീണ്ടും കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നത്. 

സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിക്കെതിരെ നേരത്തെ കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പാർട്ടികള്‍ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. കർഷക വിരുദ്ധ നിയമങ്ങളെ പിന്തുണച്ചവരിൽ നിന്ന് നീതി പ്രതീക്ഷിക്കാമോയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കും വരെ സമരം അവസാനിക്കില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

നിയമം സ്റ്റേ ചെയ്തത് ശരിയായ ദിശയിലുള്ള തീരുമാനമാണെന്നും എന്നാൽ കോടതി രൂപീകരിച്ച സമിതിക്ക് എന്ത് ആധികാരികതയാണ് ഉള്ളതെന്നുമായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചത്. നാലംഗ സമിതി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. സമിതിയുടെ ആദ്യ യോഗം പത്ത് ദിവസത്തിൽ ചേരണം. സുരക്ഷ കണക്കാക്കി സമരം അവസാനിപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിലുണ്ട്. താങ്ങുവില തുടരുമെന്നും പുതിയ നിയമം കാരണം കർഷകരുടെ ഭൂമി നഷ്ടപ്പെടരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്.

Follow Us:
Download App:
  • android
  • ios