Asianet News MalayalamAsianet News Malayalam

ഡിവൈഎഫ്ഐ ചര്‍ച്ച പരാജയം; സെക്രട്ടേറിയറ്റിന് മുന്നിലെ സമരം തുടരുമെന്ന് പിഎസ്‌സി ഉദ്യോഗാർത്ഥികള്‍

അപ്രായോഗിക ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നതെന്നാണ് ഡിവൈഎഫ്ഐയുടെ പ്രതികരണം. സമരത്തിന് പിന്നിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടോ എന്ന് സംശയം ഉണ്ടെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. 

discussion with psc strikers and dyfi leaders failed
Author
Thiruvananthapuram, First Published Feb 13, 2021, 6:45 AM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരം തുടരുമെന്ന് പിഎസ്‌സി ഉദ്യോഗാർത്ഥികള്‍. എൽജിഎസ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളുമായി സർക്കാർ നടത്തിയ ആദ്യഘട്ട ചർച്ച വിജയം കണ്ടില്ല. പ്രശ്നം പരിഹരിക്കുന്നതുവരെ സമരം തുടരുമെന്ന് ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റേയും പ്രസിഡന്റ് സതീശന്റേയും അധ്യക്ഷതയിലായിരുന്നു ഇന്നലെ രാത്രിയിലെ ചർച്ച. 

സമരക്കാർ ഉന്നയിച്ച ആവശ്യങ്ങളിൽ നാലെണ്ണം സർക്കാർ പരിഗണിക്കുമെന്ന് വ്യക്തമാക്കി എഴുതി നൽകി. പ്രമോഷൻ ഒഴിവുകൾ ഉടൻ നികത്തുമെന്നതടക്കമുള്ള കാര്യങ്ങളാണ് സർക്കാർ ഉറപ്പ് നൽകിയത്. എന്നാൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കണമെന്ന ആവശ്യത്തിൽ ഉദ്യോഗാർത്ഥികൾ ഉറച്ചു നിന്നതോടെയാണ് ചർച്ച അലസിയത്. തങ്ങൾ ഉന്നയിച്ച കാര്യങ്ങളിൽ ഒന്നിലും ഉറപ്പ് നൽകിയില്ലെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.

അപ്രായോഗിക ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നതെന്നാണ് ഡിവൈഎഫ്ഐയുടെ പ്രതികരണം. സമരത്തിന് പിന്നിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടോ എന്ന് സംശയം ഉണ്ടെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കൽ സെക്രട്ടറിയുമാണ് സർക്കാറിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്. നേരത്തെ ഉദ്യോഗാർത്ഥികൾ ഡിവൈഎഫ്ഐ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios