പത്തനംതിട്ട: പ്രളയബാധിത മേഖലകളിൽ പകർച്ചവ്യാധികൾ വ്യാപിക്കുന്നു. പത്തനംതിട്ടയിൽ അപൂർവ്വ പകർച്ചവ്യാധിയായ മെലിയോയ്ഡോസിസ് (Melioidosis) ബാധിച്ച കുട്ടി ഗുരുതരാവസ്ഥയിലാണ്. ഈ കുട്ടിയുടെ സഹോദരി ഇതേ അസുഖം ബാധിച്ച് അടുത്തയിടെ മരിച്ചിരുന്നു. മലിന ജലത്തിലൂടെ പടരുന്ന രോഗങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഒടുവിലാണ് മെലിയോയ്ഡോസിസും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

കോഴഞ്ചേരിയിൽ ഈ രോഗം സ്ഥീരീകരിച്ച 16കാരൻ ഒരുമാസം മുമ്പ് മരിച്ചിരുന്നു. ഈ കുട്ടിയുടെ സഹോദരൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. ഇതേ അസുഖം ബാധിച്ച് കാസർകോട് ജില്ലയിൽ കഴിഞ്ഞമാസം അവസാനം രണ്ട് കുട്ടികൾ മരിച്ചിരുന്നു.

ബാക്ടീരിയയാണ് രോഗമുണ്ടാക്കുന്നത്. ചെളിവെള്ളത്തിൽ നിന്നും മണ്ണിൽ നിന്നുമെല്ലാം രോഗകാരണമായ ബാക്ടീരിയ ശരീരത്തിലെത്താം. വളർത്തു മൃഗങ്ങളിൽ നിന്നും മത്സ്യങ്ങളിൽ നിന്നും രോഗം വരാനുള്ള സാധ്യയുണ്ട്. എന്നാൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അസുഖം പടരാനുള്ള സാധ്യത കുറവാണ്.

പനിയും ചുമയുമാണ് രോഗത്തിന്‍റെ പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് മതിഷ്കജ്വരം ഉൾപ്പെടെ ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. എലിപ്പനിയും ഡെങ്കിയും മഞ്ഞപ്പിത്തവും വെള്ളം കയറിയ മേഖലകളിൽ പടരുന്നുണ്ട്. പത്തനംതിട്ടയിൽ 46 പേർക്ക് എലിപ്പനിയും 114 പേർക്കും ഡെങ്കുവും നൂറിലധികം പേർക്ക് മഞ്ഞപ്പിത്തവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എലിപ്പനി പ്രതിരോധ ഗുളികൾ വിതരണം ചെയ്യുന്നുണ്ടെങ്കിലും പലരും ഗുളികകൾ കഴിക്കാൻ വിമുഖത കാണിക്കുന്നതായി ആരോഗ്യപ്രവർത്തകർ പറയുന്നു.