ട്രേഡ് യൂണിയനുകൾ തമ്മിലെ തർക്കം രൂക്ഷം, കൊച്ചിയിൽ പ്രതിസന്ധിയിലായി സംരംഭകൻ
ലോഡ് ഇറക്കുന്നതിനെ ചൊല്ലിയുള്ള തൊഴിൽ തർക്കമാണ് രണ്ട് യൂണിയനുകൾ തമ്മിൽ കൊച്ചി തുറമുഖത്ത് കൈയ്യാങ്കളിയിലെത്തിയത്

കൊച്ചി: കൊച്ചി തുറമുഖത്ത് ട്രേഡ് യൂണിയനുകൾ തമ്മിലെ തർക്കം രൂക്ഷമായതോടെ പ്രതിസന്ധിയിലായി സംരംഭകൻ. പോർട്ട് ട്രസ്റ്റ് ഗോഡൗണിൽ നിന്ന് സാധനങ്ങൾ നീക്കം ചെയ്യാനാകാതെ പ്രതിദിനം 6500 രൂപ പിഴയൊടുക്കേണ്ട ഗതികേടിലാണ് കൊച്ചി സ്വദേശി ഷാജർ. തൊഴിൽ വിഭജനത്തെ ചൊല്ലി രണ്ടാഴ്ചയിലധികമായി തുടരുന്ന തർക്കത്തിൽ തൊഴിൽ വകുപ്പ് ഇടപെട്ടിട്ടും പരിഹാരം നീളുകയാണ്.
കൊച്ചിയിലെ സ്ക്രാപ്പ് വ്യാപാരിയാണ് ഷാജർ. കപ്പലിൽ വന്ന ആരും ഏറ്റെടുക്കാനില്ലാത്ത 30 കൂളറുകൾ അടക്കം കണ്ടം ചെയ്യാറായി. 6.5 ലക്ഷം രൂപയ്ക്കാണ് ഈ മാസം 9 ന് പോർട്ട് ട്രസ്റ്റിൽ നിന്ന് ഈ സ്ക്രാപ്പ് ഷാജർ ലേലത്തിലെടുത്തത്. അന്ന് മുതൽ ഈ ഗോഡൗണിൽ നിന്ന് ലോഡ് മാറ്റാൻ ഷാജർ ശ്രമം തുടങ്ങി. എന്നാൽ സിഐടിയുവും കൊച്ചിൻ തുറമുഖ തൊഴിലാളി യൂണിയനും തടസ്സം നിൽക്കുകയാണ്. ലോഡ് ഇറക്കുന്നതിനെ ചൊല്ലിയുള്ള തൊഴിൽ തർക്കമാണ് രണ്ട് യൂണിയനുകൾ തമ്മിൽ കൊച്ചി തുറമുഖത്ത് കൈയ്യാങ്കളിയിലെത്തിയത്. രണ്ട് യൂണിയനും പണം നല്‍കാമെന്ന് പറഞ്ഞിട്ടും ഒത്തുതീര്‍പ്പിന് ട്രേഡ് യൂണിയനുകള്‍ ഒരുക്കമല്ലെന്നാണ് സംരംഭകന്‍ പറയുന്നത്. എന്നാല്‍ സ്ക്രാപ്പ് എടുക്കാനുള്ള അവകാശം സംഘടനയ്ക്കാണെന്നാണ് സിഐടിയു പറയുന്നത്. എന്നാല്‍ ഗോഡൌണില്‍ നിന്ന് ലോഡിറക്കുന്ന പണി വിട്ടു തരില്ലെന്നാണ് കൊച്ചിന്‍ തുറമുഖ തൊഴിലാളി യൂണിയന്‍ പറയുന്നത്.
ഇതിനിടെ സമയപരിധി കഴിഞ്ഞതോടെ കഴിഞ്ഞ തിങ്കളാഴ്ച മുതൽ ദിവസം 6500 രൂപ പോർട്ട് ട്രസ്റ്റ് പിഴ ഈടാക്കാൻ തുടങ്ങി. അടുത്ത ആഴ്ച പിഴ ഇരട്ടിയാകും. കൂടാതെ ഷാജറിനെ പോർട്ട് ട്രസ്റ്റ് കരിപ്പട്ടികയിലാക്കും. ലേബർ വകുപ്പിന് പരാതി നൽകിയിട്ടും പരിഹാരമില്ല. ക്ഷേമനിധി ബോർഡ് നിയമാവലി പ്രകാരം സ്ക്രാപ്പ് എടുക്കാൻ അവകാശം സംഘടനയ്ക്കാണെന്ന് സിഐടിയു വാദിക്കുന്നത്. എന്നാൽ ഗോഡൗണിൽ നിന്ന് ലോഡ് കയറ്റിറക്കാൻ ഉള്ള അനുമതി വിട്ട് തരില്ലെന്ന് കൊച്ചിൻ തുറമുഖ തൊഴിലാളി യൂണിയനും ചർച്ചയ്ക്കായുള്ള ശ്രമങ്ങൾ തുടങ്ങിയെന്നാണ് എറണാകുളം ജില്ല ലേബർ ഓഫീസറുടെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം