രാഹുലിനെ  അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഡിസിസികളുടെ നേതൃത്വത്തില്‍  നേരത്തെ ഏകദിന സത്യഗ്രഹസമരം നടത്തിയിരുന്നു.

തിരുവനന്തപുരം: രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫിന്‍റെ രാജ്ഭവന്‍ സത്യഗ്രഹം ഇന്ന്. രാവിലെ പത്തിന് ആരംഭിക്കുന്ന മാര്‍ച്ചില്‍ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. രാഹുലിനെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഡിസിസികളുടെ നേതൃത്വത്തില്‍ നേരത്തെ ഏകദിന സത്യഗ്രഹസമരം നടത്തിയിരുന്നു. എംപി സ്ഥാനം പോയശേഷം രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്ന ഏപ്രില്‍ 11ന് റാലി സംഘടിപ്പിക്കാനും കെപിസിസി തീരുമാനിച്ചിട്ടുണ്ട്. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് പങ്കെടുക്കുക. ഏപ്രില്‍ 13ന് മണ്ഡലം തലത്തില്‍ നൈറ്റ് മാര്‍ച്ചും സംഘടിപ്പിക്കും.

അയോഗ്യനാക്കപ്പെട്ട ശേഷം ഇതാദ്യമായി രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; വമ്പൻ സ്വീകരണമൊരുക്കാൻ തീരുമാനിച്ച് കെപിസിസി

അതേ സമയം ഔദ്യോ​ഗിക വസതിയൊഴിയാനുള്ള തയ്യാറെടുപ്പുകൾ നടത്താൻ തന്റെ ജീവനക്കാരോട് നിർദ്ദേശിച്ചിരിക്കുകയാണ് രാഹുൽ ​ഗാന്ധി. മോദി പേര് പരമാർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ കുറ്റക്കാരനാണെന്ന കോടതി വിധിക്ക് സ്റ്റേ ഇല്ലെങ്കിൽ രാഹുൽ വീടൊഴിയും. ഈ മാസം പതിമൂന്നിനാണ് രാഹുലിന്റെ അപ്പീലിൽ സൂറത്ത് സെഷൻസ് കോടതി വിധി പറയുക. 23നാണ് വീടൊഴി‌യാനുള്ള ഒരു മാസത്തെ സമയപരിധി തീരുന്നത്. 

ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് വീടൊഴിയണമെന്നുള്ള നോട്ടീസിന് പിന്നാലെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാന്‍ ഓഫീസിലുള്ളവര്‍ക്ക് രാഹുൽ നേരത്തെ നിർദ്ദേശം നല്‍കിയിരുന്നു. വീട്ടു സാധനങ്ങൾ ഫാം ഹൗസിലേക്ക് മാറ്റാനാണ് തീരുമാനം. അറിയിപ്പ് ലഭിച്ച പ്രകാരം വീട് ഒഴിയുമെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് തന്‍റെ ഓഫീസിലുള്ളവർക്ക് നിർദ്ദേശം നല്കിയത്.

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News