Asianet News MalayalamAsianet News Malayalam

സിറോ മലബാർ സഭ ആസ്ഥാനത്തേക്കുള്ള വിമതവിഭാഗത്തിന്റെ മാർച്ച് മാറ്റിവച്ചേക്കും

വ്യാജരേഖ കേസ് പിൻവലിക്കുക, സഹായ മെത്രാൻമാരുടെ സസ്പെൻഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സിനഡിന് നൽകിയ പരാതികളിൽ തീരുമാനം ഉണ്ടാകാത്ത പശ്ചാത്തലത്തിലായിരുന്നു സിറോ മലബാർ സഭാ ആസ്ഥാനത്തേക്ക് ഞായറാഴ്ച മാർച്ച് നടത്താൻ എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികളുടെ കൂട്ടായ്മ തീരുമാനിച്ചത്.

dissident's march towards syro malabar church headquarters may postpone
Author
Kochi, First Published Aug 24, 2019, 7:55 AM IST

കൊച്ചി: സിറോ മലബാർ സഭ ആസ്ഥാനത്തേക്ക് വിമതവിഭാഗം നാളെ നടത്താൻ നിശ്ചയിച്ച മാർച്ച് താൽക്കാലികമായി മാറ്റിവച്ചേക്കും. വിമതർ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം ചർച്ച ചെയ്യുകയാണെന്ന മെത്രാൻമാരുടെ സംയുക്ത അഭ്യർത്ഥന മാനിച്ചാണ് നടപടി. ഇന്ന് 11 മണിക്ക് കലൂർ റിന്യൂവൽ സെന്ററിൽ ഫോറോന ഭാരവാഹികളുടെ യോഗം വിളിച്ചുകൂട്ടി മാർച്ച് മാറ്റിവെക്കുന്നത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാകും.

വ്യാജരേഖ കേസ് പിൻവലിക്കുക, സഹായ മെത്രാൻമാരുടെ സസ്പെൻഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സിനഡിന് നൽകിയ പരാതികളിൽ തീരുമാനം ഉണ്ടാകാത്ത പശ്ചാത്തലത്തിലായിരുന്നു സിറോ മലബാർ സഭാ ആസ്ഥാനത്തേക്ക് ഞായറാഴ്ച മാർച്ച് നടത്താൻ എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികളുടെ കൂട്ടായ്മ തീരുമാനിച്ചത്.

16 ഫൊറോനാകളിൽ നിന്നുള്ള പതിനായിരത്തോളം ആളുകളെ പങ്കെടുപ്പിക്കാൻ ആയിരുന്നു വിമത വിഭാഗത്തിന്‍റെ നീക്കം. ഇതിനിടയിലാണ് മാർച്ച് ഉപേക്ഷിക്കണമെന്ന ആഹ്വാനവുമായി മെത്രാന്മാരുടെ സംയുക്തപ്രസ്താവന എത്തിയത്. ഭൂമി വിവാദം വ്യാജരേഖ കേസ് അടക്കമുള്ള വിഷയങ്ങളിൽ ഒരു ഭാഗം വൈദികരും വിശ്വാസികളും ഉന്നയിച്ച ആവശ്യങ്ങൾ സിനഡിൽ അനുഭാവപൂർവ്വം ചർച്ചകൾ നടക്കുകയാണ്. തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ മാർപാപ്പയുടെ അന്തിമ അനുമതി ലഭിക്കേണ്ടതുണ്ട്. അതിനുള്ള കാലതാമസമാണ് ഇപ്പോൾ ഉണ്ടാകുന്നതെന്നും മെത്രാന്മാർ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. 

ഈ പശ്ചാത്തലത്തിൽ മാർച്ച് ഉപേക്ഷിക്കണം എന്നായിരുന്നു ആവശ്യം. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സഹായ മെത്രാന്മാരായ സെബാസ്റ്റ്യൻ എടയന്ത്രത്ത് ജോസ് പുത്തൻവീട്ടിൽ മുൻ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത് അടക്കമുള്ളവരായിരുന്നു സംയുക്ത പ്രസ്താവന ഇറക്കിയത്. അതേസമയം, ഓ​ഗസ്റ്റ് 19-ന് ആരംഭിച്ച സിറോ മലബാർ സഭയുടെ സിനഡ് അവസാനിക്കുന്നതിന് മുമ്പ് തീരുമാനമുണ്ടായില്ലെങ്കിൽ 28ന് മാർച്ച് നടത്താനാണ് ഏകദേശധാരണ. 
 

Follow Us:
Download App:
  • android
  • ios