Asianet News MalayalamAsianet News Malayalam

ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട എട്ടാംക്ലാസുവരെയുള്ള കുട്ടികൾക്ക് ഭക്ഷ്യകിറ്റ്, വിതരണം ജൂലൈയിൽ

ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് മധ്യവേനൽ അവധിക്കാലത്തേക്കുള്ള ഫുഡ് സെക്യൂരിറ്റി അലവൻസായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും

Distribution of food kits to students  up to class eight
Author
Kerala, First Published Jun 23, 2020, 7:14 PM IST

തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് മധ്യവേനൽ അവധിക്കാലത്തേക്കുള്ള ഫുഡ് സെക്യൂരിറ്റി അലവൻസായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച വിശദമായ പ്രൊപ്പോസലിന് സർക്കാർ അനുമതി നൽകി. ഇക്കാര്യം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 81.37 കോടി രൂപയാണ്. കേന്ദ്ര ധനസഹായവും ഇതിന് ലഭ്യമായിട്ടുണ്ട്. ഏപ്രിൽ, മെയ് മാസങ്ങളിലെ അവധി ദിനങ്ങൾ ഒഴിവാക്കിയുള്ള 40 ദിവസങ്ങൾക്ക് കുട്ടികൾക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യവും പാചകചെലവിനത്തിൽ വരുന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമാണ് ഭക്ഷ്യകിറ്റിൽ ഉൾപ്പെടുന്നത്. 

ചെറുപയർ, കടല, തുവര പരിപ്പ്, പഞ്ചസാര, കറി പൗഡറുകൾ, ആട്ട, ഉപ്പ് തുടങ്ങി ഒമ്പത് ഇനങ്ങളാണ് പലവ്യഞ്ജനങ്ങളായി ഉൾപ്പെടുത്തുന്നത്.പ്രീ പ്രൈമറി കുട്ടികൾക്ക് 1.2 കിലോഗ്രാം അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് വിതരണം ചെയ്യുക. നാല് കിലോഗ്രാം അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമാണ് പ്രൈമറി വിഭാഗത്തിന് നൽകുന്ന കിറ്റിലുള്ളത്. 

അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്ക് ആറ് കിലോഗ്രാം അരിയും 391.20 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് നൽകുക. സപ്ലൈക്കോ മുഖേന സ്‌കൂളുകളിൽ ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകൾ സ്‌കൂൾ ഉച്ചഭക്ഷണ കമ്മിറ്റി, പിടിഎ., എസ്എംസി. എന്നിവയുടെ മേൽനോട്ടത്തിൽ കൃത്യമായ സാമൂഹ്യ അകലം പാലിച്ച് വിതരണം ചെയ്യും. ഭക്ഷ്യകിറ്റ് വിതരണം ജൂലൈ ആദ്യവാരത്തോടെ ആരംഭിക്കും. വിതരണം സംബന്ധിച്ച അറിയിപ്പ് സ്‌കൂൾ മുഖേന രക്ഷിതാക്കൾക്ക് നൽകും.

മുഖ്യമന്ത്രിയുടെ വാക്കുകൾ

കൊവിഡ് പ്രതിസന്ധിക്ക് ഇടയിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ ഇടപെടുന്നു. നിരവധി പദ്ധതികൾ ഇതിനോടകം നടപ്പാക്കി. അംഗനവാടി കുട്ടികൾക്ക് പോഷകാഹാരം വീട്ടിലെത്തിച്ച് നൽകി. ലോക്ക്ഡൗണിൽ റേഷൻ കടകളിലൂടെ ഭക്ഷ്യവിതരണം ഉറപ്പാക്കാനായി. കടകളിൽ വരാൻ ബുദ്ധിമുട്ടുള്ളവർക്ക് വീടുകളിൽ ഭക്ഷ്യവസ്തുക്കളെത്തിച്ചു. സൗജന്യകിറ്റുകളും നൽകി. 

ഇതിന്‍റെ തുടർച്ചയായി ഉച്ചഭക്ഷണപദ്ധതിയിൽ പെട്ട കുട്ടികൾക്ക് ഭക്ഷ്യകിറ്റും നൽകും. പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഭക്ഷ്യകിറ്റ് നൽകും. അരി, ചെറുപയർ, കടല, തുവരപ്പരിപ്പ്, പഞ്ചസാര, കറിപൗഡറുകൾ, ആട്ട, ഉപ്പ് ഇത്തരത്തിൽ ഒമ്പതിനങ്ങളാണ് ഉണ്ടാകുക. സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലെ 26 ലക്ഷം വിദ്യാർത്ഥികൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. 81 കോടി 37 ലക്ഷം രൂപ ഇതിനായി വകയിരുത്തി. ജൂലൈ ആദ്യവാരത്തോടെ കിറ്റുകൾ വിതരണം ചെയ്യും. 

ഓൺലൈൻ വിദ്യാഭ്യാസത്തിന് സാങ്കേതികസൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് സ്റ്റുഡന്‍റ് പൊലീസ് പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലുമായി 1311 ടിവിയും 123 സ്മാർട്ട് ഫോണുകളും വിതരണം ചെയ്തു. 48 ലാപ്ടോപ്പുകളുടെയും 146 കേബിൾ കണക്ഷനും നൽകി. ഏറ്റവും കൂടുതൽ ടിവി വിതരണം ചെയ്തത് കണ്ണൂരിലാണ്. 176 ആണ്. ഏറ്റവും കൂടുതൽ സ്മാർട്ട്ഫോൺ നൽകിയത് കൊച്ചി സിറ്റിയിലാണ്. 46 എണ്ണം.

Follow Us:
Download App:
  • android
  • ios