കോഴിക്കോട്: കിനാലൂര്‍ എസ്റ്റേറ്റിലെ അനധികൃത പാറഖനനം സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി ജില്ലാ കളക്ടര്‍ സാംബശിവറാവു അറിയിച്ചു. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തഹസില്‍ദാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തോട്ടംഭൂമി തരംമാറ്റിയാല്‍ നടപടിയുണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി. 

കോഴിക്കോട് കിനാലൂര്‍ എസ്റ്റേറ്റില്‍ അനധികൃത ഖനനം നടക്കുന്നുണ്ടെന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തോട്ടമായി നിലനിര്‍ത്താന്‍ ഹൈക്കോടതി ഉത്തരവിട്ട  ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നത് 15 പാറമടകളും രണ്ട് ചെങ്കല്‍ ക്വാറികളുമാണ്. ഖനനത്തിന് ലൈസന്‍സ് നല്‍കിയിട്ടില്ലെന്നാണ് റവന്യൂ-പഞ്ചായത്ത് അധികൃതര്‍ ആവര്‍ത്തിച്ചു പറയുന്നത്. 

ഈ ഭൂമി റബര്‍ കൃഷിക്ക് മാത്രമെ ഉപയോഗിക്കാവൂ എന്നാണ് നിയമം. ഭൂമി തരം മാറ്റിയെന്നറിഞ്ഞാല്‍  ഉടന്‍ റവന്യു ഉദ്യോഗസ്ഥര്‍ പരിശോധിച്ച് രജിസ്ട്രേഷന്‍ റദ്ദാക്കണം. തുടര്‍ന്ന് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ താലൂക്ക് ലാന‍്റ് ബോര്ഡ് കേസെടുത്ത് മിച്ചഭൂമിയായി പ്രഖ്യാപിക്കണമെന്നും ചട്ടമുണ്ട്.