തിരുവനന്തപുരം: തൃശൂർ പൂരത്തിൽ തെച്ചിക്കൊട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ജില്ലാ കലക്ടർ അധ്യക്ഷയായ സമിതിയാണെന്ന് ആവർത്തിച്ച് വനം മന്ത്രി കെ രാജു. അന്തിമ തീരുമാനം എടുക്കേണ്ടത് കലക്ടറാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയും നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. വിഷയത്തിൽ തന്‍റെ നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഹൈക്കോടതിയുടെ നടപടിയെന്നും മന്ത്രി തിരുവന്തപുരത്ത് പറഞ്ഞു.

ജില്കലാ കലക്ടർ ടി വി അനുപമ അധ്യക്ഷയായ സമിതിയിൽ ജില്ലാ ഫോറസ്റ്റ് ഓഫീസർ, പൊലീസ്  ഉദ്യോഗസ്ഥ‍ർ, ഫയർഫോഴ്സ് ഉദ്യോഗസ്ഥ‍ർ, ആന ഉടമകളുടെ പ്രതിനിധികൾ, ആനപാപ്പാൻമാരുടെ പ്രതിനിധികൾ തുടങ്ങി ഉത്തരവാദപ്പെട്ട എല്ലാവരുമുണ്ട്. വിശദമായ ചർച്ചയ്ക്ക് ശേഷം വിഷയത്തിൽ ഏറ്റവും ഉചിതമായ തീരുമാനം എടുക്കുമെന്നും കെ രാജു പറഞ്ഞു.