Asianet News MalayalamAsianet News Malayalam

പെരിയ കൊലക്കേസ് പ്രതികളുടെ ഭാര്യമാരുടെ നിയമനം: ന്യായീകരിച്ച്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പ്രതിഷേധം ശക്തം

ഭർത്താക്കൻമാർ പ്രതികളായാൽ ഭാര്യമാർക്ക് ജീവിക്കണ്ടേ? പ്രതികളുടെ ഭാര്യമാർ ആയതു കൊണ്ട് മനുഷ്യാവകാശം ഇല്ലേ? എന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 

district panchayat president kasaragod response about periya accused wife appointment
Author
Kasaragod, First Published Jun 21, 2021, 12:49 PM IST

കാസർകോട്: പെരിയ ഇരട്ട കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ താത്ക്കാലിക നിയമനം നൽകയതിനെ  ന്യായീകരിച്ച് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്.  അനധികൃത നിയമനമെന്ന ആരോപണം നിഷേധിച്ച പ്രസിഡന്‍റ് ബേബി ബാലകൃഷ്ണൻ ഹോസ്പിറ്റൽ സൂപ്രണ്ടും നഴ്സിംഗ് സൂപ്രണ്ടും അടക്കമുള്ളവർ ഇൻറർവ്യൂ നടത്തി തെരഞ്ഞെടുത്തതാണെന്നും അതിൽ ഒരു അസ്വാഭാവികതയില്ലെന്നും പറഞ്ഞു. 

അവർ തയ്യാറാക്കിയ പട്ടിക അംഗീകരിക്കുക മാത്രമാണ് ചെയ്തത്. കുടുംബ പശ്ചാത്തലം പരിശോധിച്ചിട്ടിരുന്നില്ല. താൽക്കാലിക അടിസ്ഥാനത്തിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലാണ് നിയമനം. പ്രതികളുടെ ഭാര്യമാർ വന്നത് യാദൃശ്ചികം മാത്രമാണ്. പ്രതികളുടെ ഭാര്യമാരാണെന്നൊന്നും ഇൻറർവ്യൂ നടത്തിയവർക്കറിയില്ലെന്നും പ്രസിഡന്റ്  കൂട്ടിച്ചേർത്തു.

ഭർത്താക്കൻമാർ പ്രതികളായാൽ ഭാര്യമാർക്ക് ജീവിക്കണ്ടേ? പ്രതികളുടെ ഭാര്യമാർ ആയതു കൊണ്ട് മനുഷ്യാവകാശം ഇല്ലേ? കൊവിഡും ലോക്ക്ഡൗൺ സാഹചര്യങ്ങളും ഉള്ളതിനാൽ പലരും വരാൻ മടിച്ചിരുന്നു. ഒരേ പ്രദേശത്ത് നിന്നുള്ളവരായതുകൊണ്ട് ഇവരെ പരിഗണിച്ചാതാകാം. പ്രതികളുടെ ഭാര്യമാർ എന്നത് കൊണ്ട് ജോലി ചെയ്യാൻ അവകാശമില്ലെന്നാണോ? അവരും പൗരന്മാരല്ലേയെന്നും ബേബി ബാലകൃഷ്ണന്‍ ചോദിച്ചു. 

പെരിയ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി പീതാബരനടക്കം ആദ്യ മൂന്ന് പ്രതികളുടേയും ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിലെ സ്വീപ്പർ തസ്തികയിൽ താത്ക്കാലിക നിയമനം നൽകിയ നടപടിക്കെതിരെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെയാണ് വിശദീകരണവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രംഗത്തെത്തിയത്. പ്രതികളുടെ ഭാര്യമാർക്ക് അനധികൃത നിയമനം നൽകിയെന്നാരോപിച്ച് ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് നടത്തി. 

Follow Us:
Download App:
  • android
  • ios