മഴുവന്നൂർ പഞ്ചായത്തിൽ കേന്ദ്ര ഫണ്ട് ലഭ്യമാക്കുന്നതിന് മുൻപായി പൂർത്തിയാക്കേണ്ട നടപടികൾ പാലിച്ചില്ലെന്നാണ് ആക്ഷേപം. ഗ്രാമസഭ ചേർന്ന് വർക്കിംഗ് ഗ്രൂപ്പുകളിൽ ആശയരൂപീകരണവും വികസന സെമിനാറും നടത്തണമെന്നാണ് ചട്ടം.താക്കീതിനെ തുടർന്ന് ഒരൊറ്റ ദിവസത്തിൽ ഈ നടപടികളെല്ലാം പൂർത്തിയാക്കിയെന്ന പഞ്ചായത്ത് വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് അന്വേഷണം

കൊച്ചി: എറണാകുളത്ത് ട്വന്‍റി ട്വന്‍റി (twenty twenty)ഭരിക്കുന്ന നാല് പഞ്ചായത്തുകളിലെ ഭരണനിർവഹണത്തിൽ റിപ്പോർട്ട് തേടി ജില്ല ആസൂത്രണ സമിതി(district planning committee). കേന്ദ്ര പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമത്തിൽ വീഴ്ച വരുത്തിയെന്ന പരാതിയിലാണ് അന്വേഷണം.ഇതിനിടെ ട്വന്‍റി ട്വന്‍റി പഞ്ചായത്തുകളിലൊന്നായ മഴുവന്നൂരിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭരണസമിതി പ്രമേയം പാസാക്കി.

കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ വലിയ വിജയത്തോടെയാണ് കുന്നത്തുനാട്,ഐക്കരനാട്,മഴുവന്നൂർ,കിഴക്കന്പലം പഞ്ചായത്തുകളിൽ ട്വന്‍റി ട്വന്‍റി ഭരണം ഉറപ്പിച്ചത്. പ്രദേശത്ത് വേരോട്ടമുള്ള കോൺഗ്രസ്സ്,സിപിഎം കക്ഷികളായി കഴിഞ്ഞ രണ്ട് വർഷമായി പല വിഷയങ്ങളിൽ ട്വന്‍റി ട്വന്റി തർക്കം തുടരുകയാണ്.ഇതിനിടെയിലാണ് ഈ പഞ്ചായത്തുകളിലെ പദ്ധതി നടത്തിപ്പിൽ വിശദമായ അന്വേഷണം വേണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അദ്ധ്യക്ഷനായ ജില്ല ആസൂത്രണ സമിതിയുടെ തീരുമാനം. 

മഴുവന്നൂർ പഞ്ചായത്തിൽ കേന്ദ്ര ഫണ്ട് ലഭ്യമാക്കുന്നതിന് മുൻപായി പൂർത്തിയാക്കേണ്ട നടപടികൾ പാലിച്ചില്ലെന്നാണ് ആക്ഷേപം. ഗ്രാമസഭ ചേർന്ന് വർക്കിംഗ് ഗ്രൂപ്പുകളിൽ ആശയരൂപീകരണവും വികസന സെമിനാറും നടത്തണമെന്നാണ് ചട്ടം.താക്കീതിനെ തുടർന്ന് ഒരൊറ്റ ദിവസത്തിൽ ഈ നടപടികളെല്ലാം പൂർത്തിയാക്കിയെന്ന പഞ്ചായത്ത് വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് അന്വേഷണം. മഴുവന്നൂർ മാത്രമല്ല മറ്റ് നാല് പഞ്ചായത്തുകൾക്കെതിരെയും പരാതികൾ വ്യാപകമായതോടെയാണ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്തിനെ ചുമതലപ്പെടുത്തി ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകാൻ ആസൂത്രണ സമിതി ആവശ്യപ്പെട്ടത്.

ഇതിനിടെ പഞ്ചായത്ത് അസിസ്റ്റൻഡ് സെക്രട്ടറിയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. ഇടത് വലത് രാഷ്ട്രീയ കക്ഷികളുടെ ദല്ലാളായി പഞ്ചായത്ത് സെക്രട്ടറി ട്വന്‍റി ട്വന്‍റി ഭരണസമിതിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് ഭരണസമിതി പ്രമേയവും പാസാക്കി.