Asianet News MalayalamAsianet News Malayalam

കാട്ടാക്കട ആക്രമണം: പ്രേമനനെ കുറ്റപ്പെടുത്തി പ്രതികള്‍, വാദം കേൾക്കാതെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി

പ്രേമനൻ കെഎസ്ആർടിസി ജീവനക്കാരെ അപമാനിക്കാൻ ആസൂത്രിതമായി നടത്തിയ നീക്കമെന്നാണ് പ്രതികളുടെ നിലപാട്.

District Principal Sessions Court  not consider anticipatory bail of the accused in Kattakkada ksrtc issue
Author
First Published Sep 26, 2022, 12:53 PM IST

തിരുവനന്തപുരം: കാട്ടാക്കട ആക്രമണം പ്രതികളുടെ മുൻകൂർ ജാമ്യ ഹർജിയിൽ വാദം കേൾക്കാതെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി. ഹര്‍ജി പരിഗണിക്കുന്നത് അഡീഷണൽ സെഷൻസ് കോടതിക്ക് കൈമാറി. പുതിയ കോടതി ഹർജി മറ്റന്നാൾ പരിഗണിക്കും. പ്രേമനൻ കെഎസ്ആർടിസി ജീവനക്കാരെ അപമാനിക്കാൻ ആസൂത്രിതമായി നടത്തിയ നീക്കമെന്നാണ് പ്രതികളുടെ നിലപാട്. ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ആളെയും കൂട്ടി വന്നു. ജാമ്യം കിട്ടാതിരിക്കാനാണ് സ്ത്രീത്വത്തെ  അപമാനിക്കാൻ ശ്രമിച്ചു എന്ന വകുപ്പ് ചുമത്തിയത്. ആദ്യം നൽകിയ മൊഴിയിൽ ഇത്തരം കാര്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രതികള്‍ പറയുന്നു. 

അതിനിടെ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടത് പൊലീസാണെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ പ്രതികളായ ജീവനക്കാരെ മാനേജ്മെന്‍റ്  ആദ്യമെ സസ്പെൻഡ് ചെയ്തു. കൂടുതൽ അച്ചടക്ക നടപടി എടുക്കുന്നതിന് നിയമപരമായ നടപടിക്രമങ്ങളുണ്ട്. അതിന് ശേഷം നടപടിയെടുക്കും. എന്നാൽ പൊലീസിന് വീഴ്ച ഉണ്ടായെന്ന് പറയാൻ പറ്റില്ലെന്നും മന്ത്രി  തിരുവനന്തപുരത്ത് പറഞ്ഞു.   പ്രതികളെ അറസ്റ്റ് ചെയ്യേണ്ടത് പൊലീസാണ്. എവിടെ ഒളിച്ചാലും പൊലീസ് അവരെ കണ്ടു പിടിക്കും. പ്രതികൾക്ക് മുൻകൂർ ജാമ്യം കിട്ടുക അത്ര എളുപ്പമല്ലെന്നും ആന്‍റണി രാജു പറഞ്ഞു. 

കാട്ടക്കടയിൽ അച്ഛനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ച കേസിൽ  പ്രതികളെ പിടിക്കാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ ആകുന്നില്ലെന്നാണ് പൊലീസ് വിശദീകരണം.  പ്രതികളെ പിടികൂടിയില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് മർദ്ദനത്തിനിരയായ അച്ഛന്റേയും മകളുടേയും തീരുമാനം.

സർക്കാരും കെഎസ്ആർടിസിയും അനുവദിച്ച യാത്രാ ആനുകൂല്യം ചോദിച്ചെത്തിയ ദളിതനായ അച്ഛനെ മകളുടെ മുന്നിലിട്ട് ആക്രമിച്ചത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. പ്രതികളാകട്ടെ കാ‍‍ട്ടാക്കട ഡിപ്പോയിലെ ജീവനക്കാരും ആര്യനാട്ടെ സ്റ്റേഷൻ മാസ്റ്ററും അടങ്ങുന്ന സംഘവും. ആക്രമണ ദിവസം മുതൽ ഇന്ന് വരെ പൊലീസിന് പറയാനുള്ളതാകട്ടെ ഒരേ ഉത്തരം. പ്രതികൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണ്.

പൊലീസിന്റെ ഈ ഉത്തരം ദുരൂഹമാണെന്നാണ് ആക്രമണത്തിനിരയായ പ്രേമനനും കുടുംബവും പറയുന്നു. പ്രതികൾക്ക് പരസ്യ പിന്തുണയുമായി സിഐടിയു കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. എന്നാൽ പ്രതികൾ ഇപ്പോൾ യൂണിയൻ നേതാക്കളോടും അകലം പാലിക്കുകയാണ്. ഹൈക്കോടതി ഇടപെട്ട കേസിൽ ആഭ്യന്തര വകുപ്പിനും സർക്കാരിനുമുണ്ടാകുന്ന നാണക്കേട് ഒഴിവാക്കാൻ ഒരാളെങ്കിലും കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സംഘടനാ നേതാക്കളോടും അകലം പാലിക്കാൻ പ്രതികൾ തീരുമാനിച്ചത്.

Follow Us:
Download App:
  • android
  • ios