ജീവനാംശ തുക, വിവാഹസമയത്ത് നല്‍കിയ തുക, വിവാഹസമയത്ത് നല്കിയ 150 പവന്‍ ആഭരണങ്ങളുടെ വില എന്നിവ കണക്കാക്കിയാണ് 1.14 കോടി രൂപ നഷ്ടപരിഹാരം നല്കാന്‍ ഉത്തരവായിരിക്കുന്നത്. 

പട്ടാമ്പി: വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് മുന്‍ ഭര്‍ത്താവ് 1.14 കോടി രൂപ നഷ്ടപരിഹാരം നല്കണമെന്ന് കോടതി ഉത്തരവ്. മുസ്ലീം വിവാഹമോചന സംരക്ഷണനിയമപ്രകാരമാണ് നടപടി. 

2010ലാണ് ചാലിശ്ശേരി സ്വദേശിനിയായ ഡോ. ഷബീന മുന്‍ ഭര്‍ത്താവ് ഗുരുവായൂര്‍ സ്വദേശി എം ഐ അബ്ദുല്‍ ലത്തീഫിനെതിരെ കേസ് ഫയല്‍ ചെയ്തത്. 2013ല്‍ പട്ടാമ്പി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഷബീനയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു. എന്നാല്‍ കോടതി തന്‍റെ ഭാഗം കേട്ടില്ലെന്ന് കാണിച്ച് അബ്ദുല്‍ ലത്തീഫ് പാലക്കാട് ജില്ലാ കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്കി. ആ ഹര്‍ജിയിന്മേല്‍ വാദം കേട്ട ജില്ലാ കോടതി മജിസ്ട്രേറ്റ് കോടതിയുടെ വിധി റദ്ദാക്കി. ഇരു കക്ഷികളോടും പട്ടാമ്പി മജിസ്ട്രേറ്റ് കോടതിയില്‍ തങ്ങളുടെ വാദങ്ങള്‍ വീണ്ടും ബോധിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തു.

അങ്ങനെ പട്ടാമ്പി കോടതി ഇരുവരുടെയും ഹര്‍ജികള്‍ പരിശോധിക്കുകയും ഷബീനയ്ക്ക് അനുകൂലമായിത്തന്നെ വീണ്ടും വിധി പ്രസ്താവിക്കുകയുമായിരുന്നു. ജീവനാംശ തുക, വിവാഹസമയത്ത് നല്‍കിയ തുക, വിവാഹസമയത്ത് നല്കിയ 150 പവന്‍ ആഭരണങ്ങളുടെ വില എന്നിവ കണക്കാക്കിയാണ് 1.14 കോടി രൂപ നഷ്ടപരിഹാരം നല്കാന്‍ ഉത്തരവായിരിക്കുന്നത്. കേസ് നല്കിയ കാലം മുതലുള്ള പലിശയും ഇതോടൊപ്പം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.