Asianet News MalayalamAsianet News Malayalam

മകന്‍റെ കല്യാണത്തിന് ഡിജെ പാര്‍ട്ടി; ആലപ്പുഴയിൽ സിപിഎം നേതാവിന് സസ്പെൻഷൻ

കഞ്ഞിക്കുഴി ഏരിയ കമ്മറ്റി അംഗം സിവി മനോഹരനെ ആണ് പാര്‍ട്ടി സസ്പെൻഡ് ചെയ്തത്. ആറുമാസത്തേക്ക് ആണ് നടപടി. 

dj party for son's wedding cpm leader suspended in Alappuzha
Author
Alappuzha, First Published Dec 15, 2019, 11:06 AM IST

ആലപ്പുഴ: മകന്‍റെ വിവാഹത്തിന് ആഡംബര പാര്‍ട്ടി ഒരുക്കിയ സിപിഎം നേതാവിന് സസ്പെൻഷൻ. ആലപ്പുഴയിലാണ് സംഭവം. കഞ്ഞിക്കുഴി ഏരിയ കമ്മറ്റി അംഗം സിവി മനോഹരനെ ആണ് പാര്‍ട്ടി സസ്പെൻഡ് ചെയ്തത്. ആറുമാസത്തേക്ക് ആണ് നടപടി. 

ഇന്നലെ ചേര്‍ന്ന ഏര്യകമ്മിറ്റി യോഗത്തിലാണ് തീരുമാനം ആയത്. മകന്‍റെ വിവാഹത്തോട് അനുബന്ധിച്ച് കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗം സിവി മനോഹരൻ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചതായാണ് ആരോപണം ഉയര്‍ന്നത്. പാര്‍ട്ടിക്കിടെ ചിലര്‍ തമ്മിൽതല്ല് ഉണ്ടാക്കിയെന്നും ആക്ഷേപമുണ്ട്. 12 നായിരുന്നു വിവാഹം. തൊട്ടടുത്ത ദിവസം നടന്ന വിവാഹ സൽക്കാരമാണ് വിവാദത്തിലായത്.

 പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി, വിവാഹ സൽക്കാരം ആഡംബരമായി എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സിവി മനോഹരനെതിരെ സിപിഎം  നടപടി എടുത്തത്. ഇന്നലെ ചേർന്ന ഏരിയാ കമ്മിറ്റി യോഗം ഇക്കാര്യം പ്രത്യേകം ചര്‍ച്ച ചെയ്യുകയും  
മനോഹരനെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയും ആയിരുന്നു.

ചേർത്തല അരീപ്പറമ്പിൽ, 13ന് വൈകുന്നേരം ആയിരുന്നു വിവാഹസൽക്കാരം. ഡിജെ പാർട്ടിയും ഒരുക്കിയിരുന്നു. ഇതിൽ പങ്കെടുത്ത ചിലർ തമ്മിൽ, വാക്കേറ്റവും തമ്മിലടിയും ഉണ്ടായതായും ആരോപണമുണ്ട്. ഇതേതുടർന്ന് മേഖലയിലെ ചില വീടുകൾ, ഇന്നലെ ആക്രമിക്കപ്പെട്ടിരുന്നു. ഇതാണ് പൊടുന്നനെയുള്ള നടപടിക്ക് പാര്‍ട്ടിയെ നിര്‍ബന്ധിതരാക്കിയത്. അതേസമയം, താനല്ല മകനാണ് സൽക്കാരം ഒരുക്കിയതെന്ന വിശദീകരണമാണ് മനോഹരൻ ഏരിയ കമ്മിറ്റി യോഗത്തിൽ നൽകിയത്. എന്നാൽ ഇത് നേതൃത്വം മുഖവിലയ്ക്കെടുത്തില്ല.

 വിവാഹസൽക്കാരത്തിലെ  ധൂർത്ത് സമൂഹത്തിന് നൽകുന്ന സന്ദേശം തെറ്റാണെന്നും, നേതാവിന് ചേര്‍ന്ന സമീപനമല്ല മനോഹരന്‍റെ ഭാഗത്തുനിന്നും ഉണ്ടായത് എന്നും ഏരിയ കമ്മിറ്റി വിലയിരുത്തി. തുടർന്നായിരുന്നു അച്ചടക്ക നടപടിക്കുള്ള തീരുമാനം. 

Follow Us:
Download App:
  • android
  • ios