കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിയോട് ഡോ. രേഖ കൃഷ്ണൻ മോശമായി പെരുമാറിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരെ സ്ഥലം മാറ്റാൻ ഡിഎച്ച്എസിന് സമർപ്പിച്ച റിപ്പോർട്ടിൽ ഡിഎംഒ ശുപാർശ ചെയ്തു
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ചികിത്സയ്‌ക്കെത്തിയ രോഗിയോട് ഡോ. രേഖ കൃഷ്ണൻ പെരുമാറിയ രീതി ശരിയായില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡോക്ടറുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്ന്, ഇവരെ നിലവിലെ ആശുപത്രിയിൽ നിന്നും ഉടൻ സ്ഥലം മാറ്റണമെന്ന് ഹെൽത്ത് സർവീസ് ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഡിഎംഒ ശുപാർശ ചെയ്യുന്നു. ഡോക്ടർക്ക് ഭാവിയിൽ തുടർച്ചയായി ഡേ-നൈറ്റ് ഡ്യൂട്ടികൾ നൽകരുതെന്നും റിപ്പോർട്ടിൽ പ്രത്യേകം ശുപാർശ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഡി.എച്ച്.എസിന്റെ ഭാഗത്തുനിന്നുള്ള തുടർനടപടികൾ ഉടൻ ഉണ്ടാകും.
സംഭവത്തില്‍ ഡോ. രേഖ കൃഷ്ണനോട് നിർബന്ധിത അവധിയിൽ പോകാൻ ഇന്നലെ നിർദ്ദേശം നല്‍കിയിരുന്നു. ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം ആശുപത്രിയിലെത്തി അന്വേഷണം നടത്തിയതിന് പിന്നാലെ ഡോക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ രേഖ കൃഷ്ണൻ രോഗിയോടും ഒപ്പമെത്തിയവരോടും തർക്കിക്കുന്ന ദൃശ്യം പുറത്തുവന്നു. പനിയും ശരീരം വേദനയും എമർജൻസിയല്ലെന്നും ഇത് തുറന്ന് വെച്ചിരിക്കുന്നത് നിങ്ങൾക്ക് ഓടിക്കയറാൻ അല്ലെന്നുമായിരുന്നു ഡോക്ടറുടെ പ്രതികരണം. പാതിരാത്രി കഴിഞ്ഞെന്നും ഇത് തോന്നിവാസം ആണെന്നും ഡോക്ടർ ചികിത്സ തേടിയവരോട് പറയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.


