കൊച്ചി: പാലാരിവട്ടം പാലം പുനര്‍നിര്‍മാണത്തില്‍ നിന്ന് ഡിഎംആര്‍സി പിന്മാറുന്നു. ഇക്കാര്യം അറിയിച്ച് സര്‍ക്കാരിന് ഉടന്‍ കത്ത് നല്‍കുമെന്ന് ഇ ശ്രീധരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡിഎംആര്‍സിയുടെ കേരളത്തിലെ പ്രവര്‍ത്തനം ജൂണില്‍ അവസാനിപ്പിക്കുന്ന സാഹചര്യത്തിലാണിത്. ഇതിന് മുമ്പ് പാലം പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്നാണ് വിശദീകരണം.

പുനര്‍നിര്‍മാണം ഒക്ടോബറില്‍ തുടങ്ങി ജൂണില്‍ പൂര്‍ത്തിയാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഹൈക്കോടതി സ്റ്റേ നിലനില്‍ക്കുന്നതിനാല്‍ ഇത് വരെ നിര്‍മാണം തുടങ്ങാനായിട്ടില്ല. പാലാരിവട്ടം പാലത്തില്‍ പരിശോധന നടത്തിയശേഷം പാലം പൂര്‍ണ്ണമായും പുനര്‍നിര്‍മിക്കണമെന്ന ഇ ശ്രീധരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പാലം പൊളിക്കാനുള്ള സര്‍ക്കാരിന്‍റെ നടപടി. 

2016 ലാണ് പാലാരിവട്ടം പാലത്തിന്‍റെ നിർമാണം പൂർത്തിയായത്. നിർമാണത്തിലെ വീഴ്ച ആദ്യം തന്നെ ശ്രദ്ധയിൽപ്പെട്ടെങ്കിലും വിദഗ്ധ പഠനത്തിന്‍റെ പേരിൽ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ അറ്റകുറ്റപ്പണി വൈകിപ്പിക്കുകയായിരുന്നു. വിവിധ ഏജൻസികൾ ഗർഡറുകളിലെ വിളളലുകളും നിർമാണത്തിലെ പോരായ്മകളും കണ്ടെത്തിയതോടെ മേയ് ഒന്ന് മുതലാണ് പാലത്തിലൂടെ ഗതാഗതം നിരോധിച്ചത്.